സ്വന്തം ലേഖിക
കൊച്ചി: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ അല്‍പ്പമൊന്നു കരുതിയിരിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായവരുടെ പേജുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്ന ഹാക്കര്‍മാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യക്തിഗതമായി അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ മാത്രമല്ല,
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും സിനിമാ താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കുവേണ്ടി സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവരും ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
തട്ടിപ്പു രീതി ഇങ്ങനെ
ഹാക്കര്‍മാര്‍ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്സൈറ്റ് സൃഷ്ടിക്കും.
ഇന്‍ഫ്ളൂവന്‍സര്‍മാര്‍ തയാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം, സംഗീതം എന്നിവ സോഷ്യല്‍മീഡിയയിലെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് നിയമങ്ങള്‍ പാലിക്കുന്നില്ല എന്നും മോണിറ്റൈസേഷന് നടപടിക്രമങ്ങള്‍, കോപ്പിറൈറ്റ് നിയമലംഘനം എന്നിവ ചൂണ്ടിക്കാണിച്ചുമായിരിക്കും തട്ടിപ്പുകാര്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലേയ്ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത്.
സമൂഹ മാധ്യമ കമ്പനികളില്‍ നിന്നുമുള്ള സന്ദേശങ്ങളാണെന്നു കരുതി ഉപയോക്താക്കള്‍ അതില്‍ ക്ലിക്ക് ചെയ്യും. ശരിയായ സന്ദേശങ്ങളെന്നു തെറ്റിധരിച്ച് അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ നല്‍കുന്നതോടെ യൂസര്‍നെയിം, പാസ് വേഡ് എന്നിവ തട്ടിപ്പുകാര്‍ നേടിയെടുക്കും.
അതുവഴി സോഷ്യല്‍ മീഡിയ ഹാന്റിലുകളുടെ നിയന്ത്രണം അവര്‍ ഏറ്റെടുക്കുകയും ചെയ്യും.ഇത്തരത്തില്‍ തട്ടിയെടുക്കുന്ന സോഷ്യല്‍മീഡിയ ഹാൻഡിലുകള്‍ തിരികെകിട്ടുന്നതിന് വന്‍ തുകയായിരിക്കും ഹാക്കര്‍മാര്‍ ആവശ്യപ്പെടുക.
തട്ടിയെടുത്ത അക്കൗണ്ടുകള്‍ വിട്ടുകിട്ടുന്നതിന് പണം, അവര്‍ അയച്ചു നല്കുന്ന ക്രിപ്റ്റോ കറന്‍സി വെബ്സൈറ്റുകളില്‍ നിക്ഷേപിക്കാനാണ് ഉപയോക്താവിനോട് ആവശ്യപ്പെടുന്നത്.
ഇതു ശ്രദ്ധിക്കാം
4സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാൻഡിലുകള്‍ക്കും അതിനോട് ബന്ധപ്പെടുത്തിയ ഇ-മെയില്‍ അക്കൗണ്ടിനും സുദൃഢമായ പാസ് വേഡ് ഉപയോഗിക്കുക. അവ അടിക്കടി മാറ്റണം. പാസ്വേഡുകള് എഴുതി സൂക്ഷിക്കാതെ ഓര്‍മയില്‍ വയ്ക്കുക.
4മൊബൈല്‍ഫോണ്‍, ലാപ്ടോപ്പ്, കംപ്യൂട്ടര്‍ എന്നിവ നഷ്ടപ്പെടുമ്പോള്‍ ബാങ്ക് അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുന്നതുപോലെ, ഇത്തരം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്തിരിക്കുന്ന സമൂഹ മാധ്യമ അക്കൗണ്ടുകളും സുരക്ഷിതമാക്കണം.
4സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്ക് ദ്വിതല സുരക്ഷ (Two Step Verification) ഉറപ്പുവരുത്തുന്നതിന് ഗൂഗിള്‍ ഓഥന്റികേറ്റര് പോലുള്ള സോഫ്റ്റ് വെയറുകളുടെ സഹായം തേടുക.
4സമൂഹ മാധ്യമങ്ങളോട് ബന്ധിപ്പിച്ചിട്ടുള്ള ഇ-മെയില്‍, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ഡയറക്ട് തുടങ്ങിയവയില്‍ വരുന്ന സന്ദേശങ്ങളോടും മൊബൈല്‍ഫോണില്‍ വരുന്ന എസ്എംഎസ് സന്ദേശങ്ങളോടും സൂക്ഷ്മതയോടെ പ്രതികരിക്കുക.
അനാവശ്യ ലിങ്കുകളില്‍ ക്ലിക്കുചെയ്യരുത്. 4സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ വരുന്ന സന്ദേശങ്ങള്‍, ലിങ്കുകള്‍ എന്നിവയുടെ വെബ്സൈറ്റ് വിലാസം (യുആര്‍എല്‍) പ്രത്യേകം നിരീക്ഷിക്കുക.