ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗത്തിന്റെ വകുപ്പിലാണ് ആധുനിക വൈദ്യശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്. രോഗം വരാനുള്ള യഥാർഥ കാരണം വ്യക്തമല്ല.
ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ് രോഗമായി ഇതു കരുതപ്പെടുന്നു.( റുമാറ്റോയിഡ് ആർത്രൈറ്റിസ്, ലൂപ്പസ്, സീലിയാക് ഡിസീസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്.)
ചെതുന്പലുകൾ പോലെ
തണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദം കൊണ്ടും രോഗം വർധിക്കാറുണ്ട്. സാധാരണക്കാരിൽ നിന്നു വ്യത്യസ്തമായി ഇവരിൽ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു.
അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള ചെതന്പലുകൾ പോലെ ഇളകിപ്പോകുന്നതാണു ബാഹ്യ ലക്ഷണം. ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്.
തലയിൽ മാത്രം ബാധിക്കുന്നതും…
സോറിയാസിസ് പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം.
* സോറിയാസിസ് വൾഗാരിസ് എന്ന വ്യാപിക്കുന്ന രീതിയിലുള്ളവ,
* കുത്തുകൾ പോലെയുള്ളവ. (GUTT ATE PSORIASIS)).
* ശരീരത്തിന്റെ മടക്കുകളിൽ കാണുന്ന ഇൻവേഴ്സ് സോറിയാസിസ് (INVERSE PSORIASIS).
* പഴുപ്പോടു കൂടിയ പസ്റ്റുലാർ സോറിയാസിസ്.
നഖത്തിലും…
കൂടാതെ, നഖത്തെ മാത്രം ബാധിക്കുന്നവയും സന്ധികളെ ബാധിക്കുന്നവയും തലയിൽ മാത്രം കാണുന്നവയും കൈകാലടികളെ മാത്രം ബാധിക്കുന്നവയും ഉണ്ട്.
ത്വക്കിനുണ്ടാകുന്ന ക്ഷതങ്ങൾ, രോഗാണു ബാധകൾ, ചില മരുന്നുകളുടെ പാർശ്വ ഫലങ്ങൾ എന്നിവയാലും ചില അലർജികൾ കൊണ്ടും രോഗമുണ്ടാകാം, വർധിക്കാം.
ലേപനം ഉപയോഗിക്കുന്പോൾ
ബാഹ്യലേപനങ്ങൾ ത്വക്കിന്റെ വരൾച്ച കുറയാൻ സഹായിക്കുമെങ്കിലും രാസവസ്തുക്കൾ അധികം അടങ്ങിയവ ഉപയോഗിക്കാതെ തേങ്ങ വെന്ത വെളിച്ചെണ്ണ പോലെ നിരുപദ്രവകരമായ ലേപനങ്ങളാണു ദീർഘകാല ഉപയോഗത്തിനു നല്ലത്.
ശ്രദ്ധിക്കുക…
* ശരീരത്തിൽ ജലാംശം കുറയാതെ നോക്കുക. സോപ്പിന്റെ ഉപയോഗം കുറയ്ക്കുക.
* പാലുത്പന്നങ്ങളും മാംസാഹാരങ്ങളൂം ചെമ്മീൻ പോലുള്ള ഷെൽ ഫിഷുകളും അസുഖങ്ങൾ കൂട്ടാം.
*മദ്യവും പുകവലിയും ഒഴിവാക്കുക.
* നന്നായി ഉറങ്ങുക.
സോറിയാസിസ് ബാധിതർക്ക് അപകർഷ ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല. എങ്കിലും, ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥ ഭീകരമാണ്.
രോഗത്തെ ഭയക്കുന്തോറും വെറുക്കുന്തോറും ഇതു കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. നിങ്ങളുടെ കുഴപ്പം കൊണ്ടു വന്നതല്ല രോഗം എന്ന യാഥാർഥ്യം മനസിലാക്കുക.
ഡോ: റ്റി.ജി. മനോജ് കുമാർ,
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ – 9447689239 [email protected]