വി.ആർ. ഹരിപ്രസാദ്
എല്ലാ മനസുകളും ചേർത്തുപിടിച്ചയാൾ… എല്ലായിടത്തും പ്രവേശനമുണ്ടായിരുന്നയാൾ… ദേവലോകമെന്നത് ഒരു യാഥാർഥ്യമാണെങ്കിൽ അയാളെ ഇന്നവിടം സുസ്വാഗതം ചെയ്തിരിക്കും. അതാണ് എസ്.പി.ബി എന്ന ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം.
“ആർ.ഡി. ബർമൻ ജോലിയിലാണ്, ദയവായി ശല്യപ്പെടുത്തരുത്’- മുംബൈ ഫിലിം സെന്ററിൽ പാട്ടുകളുടെ മിക്സിംഗ് നടക്കുന്ന വേളയിൽ പുറത്ത് ഇങ്ങനെയൊരു ബോർഡ് വയ്ക്കാറുണ്ട് വിഖ്യാത സംഗീതസംവിധായകൻ രാഹുൽ ദേവ് ബർമൻ.
ഒരിക്കൽ എസ്.പി.ബി. അദ്ദേഹത്തെ കാണാൻ ചെന്നു. പുറത്ത് ബോർഡ് വച്ച സമയമാണ്. സംഗീതസംവിധായകരായ രണ്ടു യുവാക്കളും അതേസമയം ആർ.ഡി. ബർമനെ കാണാൻ എത്തിയിരുന്നു.
സന്ദർശകരുണ്ടെന്ന് ഗേറ്റ് കീപ്പർ അദ്ദേഹത്തെ അറിയിച്ചു. മറുപടി ഇങ്ങനെയായിരുന്നു: ബാലുവിനോടു മാത്രം അകത്തേക്കു വരാൻ പറയൂ!
വിനയംകൊണ്ടും ഒൗന്നത്യം
നാല്പതിനായിരത്തിലേറെ പാട്ടുകൾ പാടി ഗിന്നസ് ബുക്കിൽ സ്ഥാനംപിടിച്ച എസ്.പി.ബിക്ക് വിനയത്തിന്റെ പേരിൽക്കൂടി ആ പുസ്തകത്തിൽ ഇടംനൽകണമായിരുന്നു.
ജാനകിയമ്മ, യേശുദാസ്, ലതാജി, സുശീലാജി തുടങ്ങിയവർക്കു മുന്നിൽ താൻ ആരുമല്ലെന്നു പറയാറുണ്ട് അദ്ദേഹം. ഒരിക്കൽ എസ്.പി.ബി ഇങ്ങനെ പറഞ്ഞു:
എനിക്ക് സംഗീതത്തിന്റെ തിയറിയുടെ എബിസിഡി പോലും അറിയില്ല. ഇപ്പോഴും നൊട്ടേഷൻസ് എഴുതാൻ അറിഞ്ഞുകൂടാ. ഞാൻ ആരുടെയടുത്തും സംഗീതം പഠിക്കാൻ പോയിട്ടില്ല.
പക്ഷേ സത്യത്തിൽ എല്ലാവരുടെയും അടുത്തു സംഗീതം പഠിക്കാൻ പോയിട്ടുണ്ട്- ഓരോരുത്തരും പാടുന്നത് കേട്ടുപഠിക്കാൻ…
അങ്ങനെയും ബാലു എല്ലായിടത്തും സ്നേഹത്തോടെ സ്വീകരിക്കപ്പെട്ടു.
ഇദ്ദേഹം സംഗീതം പഠിച്ചിട്ടുണ്ടോ, ഇല്ലേ എന്നൊന്നും ആലോചിക്കില്ല കിഷോർ കുമാറിന്റെയും എസ്.പി.ബിയുടെയുമൊക്കെ ആലാപനം കേൾക്കുന്പോൾ.
പക്ഷേ സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെന്നതിനാൽ കിഷോർ കുമാറിനോട് അനല്പമായ ഇഷ്ടക്കുറവുണ്ടായിരുന്നയാളാണ് വിഖ്യാത സംഗീതസംവിധായകൻ നൗഷാദ്.
തുടക്കത്തിൽ ദക്ഷിണേന്ത്യയുടെ കിഷോർ കുമാർ എന്ന വിളിപ്പേരുണ്ടായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യത്തിന്. കിഷോറിന്റെയൊരു റെപ്ലിക്ക എന്നുമാത്രമേ നൗഷാദ് എസ്.പി.ബിയെക്കുറിച്ചും കണക്കാക്കിയിരുന്നുള്ളൂ.
എന്നാൽ ഒരു സംഭവമുണ്ടായി, 28 വർഷം മുന്പ്.
നൗഷാദിന്റെ ഒരു പാട്ട് റെക്കോർഡ് ചെയ്യാൻ എത്തിയതാണ് എസ്.പി.ബി. ഒന്പതു മിനിറ്റിലേറെ ദൈർഘ്യമുള്ള, ആനന്ദി രാഗത്തിൽ ഒരുക്കിയ ഒരു ഡാൻസ് നന്പർ.
വേണ്ടത്ര റിഹേഴ്സൽ ചെയ്ത് തയാറെടുത്താണ് എസ്.പി.ബി എത്തിയിരിക്കുന്നത്. എന്നാലും റെക്കോർഡിംഗ് അല്പം ശ്രമകരമായിരിക്കുമെന്ന് നൗഷാദിന് അറിയാം.
അതുകൊണ്ടുതന്നെ പാട്ടിനെ മുറിച്ച് രണ്ടു ഭാഗങ്ങളായി ആലേഖനംചെയ്ത് കൂട്ടിച്ചേർക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അപ്പോഴാണ് മടിച്ചുമടിച്ച് എസ്.പി.ബിയുടെ ചോദ്യം: നൗഷാദ് സാബ്, നമുക്ക് ഒറ്റത്തവണകൊണ്ടു തീർക്കാൻ ഒന്നു ശ്രമിച്ചുനോക്കിയാലോ?
മനസില്ലാമനസോടെയാണ് നൗഷാദ് അതിനു സമ്മതം മൂളിയത്. എസ്.പി.ബി ആ പാട്ട് ഇടവേളയെടുക്കാതെ പാടിത്തീർത്തു. അവിശ്വസനീയമായ ടേക്ക് എന്നാണ് പിന്നീട് നൗഷാദ് അതിനെ വിശേഷിപ്പിച്ചത്. തേരീ പായൽ മേരേ ഗീത് എന്ന സുന്ദരഗാനമായിരുന്നു അത്.
ബാല (ബാലസുബ്രഹ്മണ്യം) വേറൊരുതരം ആളാണ്. ശാസ്ത്രീയ സംഗീതം അറിയാത്തതുമൂലമുള്ള പോരായ്മകൾ അയാൾ സൂക്ഷ്മമായ തന്റേടത്തോടെ മറികടക്കും.
ബാല പറഞ്ഞിട്ടുണ്ട് തേരീ പായൽ മേരേ ഗീത് എന്ന പാട്ടും അന്നത്തെ സാഹചര്യവും താനൊരിക്കലും മറക്കില്ല എന്ന്. എസ്.പി. ബാലസുബ്രഹ്മണ്യത്തെ ഞാനും മറക്കില്ല!- നൗഷാദ് പിന്നീടു പറഞ്ഞു.
ആർക്കാണ് അദ്ദേഹത്തെ മറക്കാനാവുക!
സാഗർ എന്ന ചിത്രത്തിലെ യുൻ ഹി ഗാത്തേ രഹോ എന്ന പാട്ട് കിഷോർ കുമാറിനൊപ്പമാണ് എസ്.പി.ബി പാടിയത്. സംഗീതം ആർ.ഡി. ബർമൻ. അതേക്കുറിച്ച് എസ്.പി.ബി പിന്നീട് ഇങ്ങനെ പറഞ്ഞു:
കിഷോർദായുടെ ഭാഗം അദ്ദേഹം പാടിക്കഴിഞ്ഞിരുന്നു. തുടർന്നാണ് എന്റെ ഭാഗം പാടി മിക്സ് ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ ശബ്ദത്തിലുള്ള ആഴത്തിനും ദൃഢതയ്ക്കും ചേരുന്നവിധത്തിൽ എനിക്കു പാടി ഫലിപ്പിക്കാനാകുമോ എന്ന പേടിയുണ്ടായിരുന്നു.
അത് പഞ്ചംദാ(ആർ.ഡി. ബർമൻ)യോട് പറയുകയും ചെയ്തു. അദ്ദേഹത്തിനു ചെറിയ ദേഷ്യം വന്നപോലെ തോന്നി. എന്നിട്ടു പറഞ്ഞു- വോയ്സ് ബാലൻസിംഗ് ഒക്കെ ഞാൻ നോക്കിക്കോളാം, അതെന്റെ ജോലിയാണ്. നിങ്ങൾ പോയി പാടുകമാത്രം ചെയ്യൂ.
ടേക്ക് ഓക്കെയായശേഷം പാട്ട് മുഴുവനായി എന്നേ കേൾപ്പിച്ചു. എന്നിട്ടു ചോദിച്ചു- ക്യേം രേ? ഠീക് ഹേ നാ? ലവ് യുവർ വോയ്സ്? (എന്താ സുഹൃത്തേ, ശരിയായിട്ടില്ലേ? നിങ്ങളുടെ ശബ്ദത്തോട് ഇഷ്ടം തോന്നുന്നില്ലേ?).
പാട്ടുലകത്തിന്റെ ഇഷ്ടം കൂടിക്കൊണ്ടേയിരുന്നു. വലിപ്പച്ചെറുപ്പങ്ങളില്ലാതെ എസ്.പി.ബി ലോകത്തെ സ്നേഹിച്ചുകൊണ്ടേയിരുന്നു.
കഴിഞ്ഞ നവംബറിലാണ് എസ്.പി.ബി അവസാനമായി തൃശൂരിലെത്തിയത്.
ദേവമാതാ സ്കൂൾ അങ്കണത്തിൽ അന്നത്തെ സായാഹ്നം ഒരിക്കലും മറക്കാത്ത ഒന്നാക്കി അദ്ദേഹം. എക്കാലത്തെയും സൂപ്പർ ഹിറ്റായ മലരേ മൗനമാ എന്ന പാട്ട് പാടാൻ തൃശൂരിന്റെ സ്വന്തം ഗായിക മനീഷയാണ് ഒപ്പം ചേർന്നത്.
ആനന്ദാതിരേകത്താൽ മനീഷ പാടുന്നതിനിടെ കരഞ്ഞുപോയി. ചുമലിൽ ചേർത്തുനിർത്തി അവരുടെ കണ്ണീരൊപ്പിയാണ് അദ്ദേഹം പാട്ടു തുടർന്നത്.
അതേ വേദിയിൽ കോറസ് പാടാൻ വന്ന ഗായകൻ പാർഥന് സ്വയം മൈക്ക് പിടിച്ചുകൊടുത്ത് മുന്നോട്ടു കയറ്റിനിർത്താനും എസ്.പി.ബി മറന്നില്ല.
മറ്റൊരിക്കൽ ഇളയനിലാ എന്ന പാട്ടു പാടുന്നതിനിടെ, കൃത്യമായ സ്കെയിലിലുള്ള പുല്ലാങ്കുഴൽ തെരഞ്ഞെടുക്കാനാവാതെ ബിജിഎം വായിക്കാൻ കഴിയാതിരുന്ന കലാകാരനെ പേരെടുത്തു പറഞ്ഞ് ആശ്വസിപ്പിക്കുകയും എനിക്കുവേണ്ടി ഒന്നുകൂടി വായിക്കൂ എന്നു പ്രോത്സാഹിപ്പിക്കുകയും ചെയ്തു അദ്ദേഹം. ഇങ്ങനെ എത്രയെത്ര നിമിഷങ്ങൾ…
മരിക്കില്ല, ഓർമകൾ
കോവിഡ് മഹാമാരിയുടെ കാലം എന്നെങ്കിലും കഴിയുമോ എന്ന് ഇനിയും ഉറപ്പൊന്നുമില്ല. ലോകത്തെ ഇരുട്ടിലാഴ്ത്തിയ വൈറസിന്റെ പേരു കേൾക്കുന്പോൾ ഓർമിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ പാട്ടുകൊണ്ടു ലോകമെങ്ങും വെളിച്ചംനിറച്ച എസ്.പി.ബിയുടെ പേരുകൂടിയുണ്ടാവും.
അതൊരു ദുർവിധിയല്ലാതെ മറ്റെന്ത്! ദൈവമെന്നുതന്നെയുറപ്പിച്ച് എസ്.പി.ബി എന്ന നാമം ഹൃദയങ്ങളിൽ കൊണ്ടുനടക്കുന്നവർ ഈ ശൂന്യതയെ എങ്ങനെ മറികടക്കുമെന്നാണ്!