തിരുവനന്തപുരം: നഗരത്തിൽ കോവിഡ് 19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അനുവദനീയമായതിലും കൂടുതല്‍ പേരുമായി യാത്രചെയ്യുന്ന വാഹനങ്ങള്‍ കണ്ടെത്തുവാനായി സിറ്റി പോലീസ് ഇന്നലെ നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 771 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു.
കൂടാതെ രോഗവ്യാപനം ഉണ്ടാകുന്ന തരത്തില്‍ വിലക്ക് ലംഘനം നടത്തിയ 87 പേര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്2020 പ്രകാരവും കേസെടുത്തതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
കൂടാതെ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങി സഞ്ചരിച്ച 277 പേര്‍ക്കെതിരെ പെറ്റി കേസുകള്‍ എടുത്തു. ഇതരസംസ്ഥാനത്തു നിന്നും തലസ്ഥാനത്തെത്തി ഹോംക്വാറന്റൈനില്‍ കഴിയുന്നവരുടെ നിരീക്ഷണം പോലീസ് ശക്തമായി തുടരുന്നതായും കമ്മീഷണര്‍ അറിയിച്ചു.
തലസ്ഥാനത്ത് രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള കര്‍ഫ്യുവില്‍ യാത്രകള്‍ പാടില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള സമയം അനാവശ്യ യാത്രകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
അനുവദനീയമായതിലും കൂടുതല്‍ ആള്‍ക്കാരെ കയറ്റിയതിനു 768 ഇരുചക്രവാഹനങ്ങള്‍ക്കും രണ്ട് ഓട്ടോറിക്ഷകള്‍ക്കും ഒരു ബസിനും എതിരെയാണ് നടപടി സ്വീകരിച്ചത്. സ്പെഷല്‍ ഡ്രൈവില്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമേ കണ്ട്രോള് റൂമിലെ സിആര്‍വി വാഹനങ്ങളും, നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലെ എല്ലാ ട്രാഫിക് ഉദ്യോഗസ്ഥരും പങ്കെടുത്തു.
രോഗവ്യാപനം ഉണ്ടാകുന്ന തരത്തില്‍ വിലക്ക് ലംഘനം നടത്തിയ 87 പേര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസുകളെടുത്തു. വരും ദിവസങ്ങളിലും ഇത്തരത്തില്‍ വാഹന പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി പുറത്തിറങ്ങുന്ന എല്ലാവരും നിർബന്ധമായും മാസ്ക്ക് ധരിക്കണം.
പൊതു ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കൃത്യമായി സാമൂഹികഅകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ സൂമൂഹിക അകലം പാലിക്കാന്‍ കയര്‍ കെട്ടുകയോ, കൂടുതല്‍ കൗണ്ടർകള്‍ ഏര്‍പ്പെടുത്തുകയോ, ടോക്കണ്‍ സംവിധാനം നടപ്പിലാക്കുകയോ ചെയ്യേണ്ടത് കടയുടമയുടെ ബാധ്യതയാണ്.
സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കേണ്ടതാണെന്നും വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.