സ്വന്തം ലേഖകന്
മുക്കം: കൊവിഡ് പ്രതിസന്ധി മൂലം ജോലിയും വേതനവുമില്ലാതെ ദുരിതത്തിലായി സംസ്ഥാനത്തെ ആറായിരത്തിലേറെ സ്പെഷൽ സ്കൂൾ ജീവനക്കാർ.
മാനസിക വെല്ലുവിളി നേരിടുന്നവരെ പരിശീലിപ്പിക്കുന്ന സ്പെഷൽ സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരുംകഴിഞ്ഞ 15 മാസക്കാലമായി പട്ടിണിയിലാണ്.
കഴിഞ്ഞ അധ്യയന വർഷം സർക്കാർ അനുവദിച്ച പ്രത്യേക പാക്കേജ് പ്രകാരം 36 കോടി രൂപ 340 സ്കൂളുകൾക്ക് ലഭിച്ചിരുന്നു.
എന്നാൽ ഗ്രേഡിങിലെ ആശയക്കുഴപ്പവും അശാസ്ത്രീയതയും മൂലം ഇത് ഓരോ വിദ്യാലയത്തിലേയും മൂന്നിലൊന്ന് ജീവനക്കാർക്ക് നൽകാൻ പോലും തികഞ്ഞിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.
ഓൺലൈൻ ക്ലാസുകളായതിനാൽ സർക്കാർ ധനസഹായം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ വേതനം നൽകുകയുള്ളൂ എന്നാണ് മാനേജ്മെന്റുകളുടെ നിലപാടെന്നും ജീവനക്കാർ വ്യക്തമാക്കുന്നു.
ജോലിയുള്ളവർ എന്ന പരിഗണനയിൽ ഇവർ സർക്കാരിന്റെ ദാരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുകയോ ആനുകൂല്യങ്ങൾ ലഭിക്കുകയോ ചെയ്യുന്നില്ല.
ഇതിനെത്തുടർന്ന് ആശ്വാസ സഹായത്തിനായി മുഖ്യമന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് ജീവനക്കാരുടെ സംഘടന.
ഈ അധ്യയന വർഷത്തേക്ക് 60 കോടി രൂപയുടെ പാക്കേജ് സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും തുടർ പ്രവർത്തനങ്ങളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.
മുൻ വർഷങ്ങളിലും ഇത്തരത്തിൽ പാക്കേജ് വിതരണത്തിൽ കാലതാമസം നേരിട്ടിരുന്നു. പൊതു വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങുകയും സൗകര്യങ്ങളില്ലാത്ത കുട്ടികളെ സഹായിക്കുവാൻ ചാലഞ്ചുകളുമായി രംഗത്തുവരികയും ചെയ്യുന്നവർ സ്പെഷൽ സ്കൂളുകളിലെ നിർധനരായ വിദ്യാർഥികളെ സഹായിക്കുവാനും മുന്നോട്ട് വരണമെന്നും ഇവരുടെ പരിശീലനത്തിനും സർക്കാർ പ്രാധാന്യം നൽകണമെന്നും സ്പെഷൽ സ്കൂൾ എംപ്ലോയിസ് യൂനിയൻ സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.