തലസ്ഥാന നഗരത്തിന്റെ തെരുവുകളിലൂടെ ഓടുന്ന കാറിന്റെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്ത സ്പൈഡർമാൻ പോലീസ് പിടിയിൽ. ബോണറ്റിലിരുന്ന് യാത്ര ചെയ്യുന്ന ഇൻഫ്ലുവൻസറുടെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തതോടെ ഡൽഹി പോലീസ് ഇയാൾക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തു.
വാർത്താ ഏജൻസിയായ എഎൻഐ പങ്കിട്ട ഒരു പോസ്റ്റിൽ, ‘സ്പൈഡർമാൻ’ നജഫ്ഗഡിൽ താമസിക്കുന്ന ആദിത്യ എന്ന 20 കാരനാണെന്ന് തിരിച്ചറിഞ്ഞു. ഇപ്പോഴിതാ ട്രാഫിക് പോലീസുകാർക്കൊപ്പം ഇരുകൈകളും നീട്ടി നിൽക്കുന്ന ‘സ്പൈഡർമാൻ’ ചിത്രമാണ് വൈറലായിരിക്കുന്നത്.
സ്പൈഡർമാൻ വേഷം ധരിച്ച ഒരാളെ ബോണറ്റിൽ കയറ്റി ദ്വാരക റോഡിൽ കാർ കണ്ടതായി സോഷ്യൽ മീഡിയയിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് ഡൽഹി ട്രാഫിക് പോലീസാണ് നടപടി സ്വീകരിച്ചത്.
‘ദില്ലി: ചപ്പൽ വാല സ്പൈഡർമാനെ ദില്ലി പോലീസ് പിടികൂടി 20,000 രൂപ പിഴ ചുമത്തി.’ എന്ന കുറിപ്പോടെയാണ് മിഹിര്‍ ജാ വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ തിരക്കുള്ള റോഡില്‍ ഒരു വെള്ളക്കാറിന്റെ ബോണറ്റില്‍ ഇരിക്കുന്ന സ്പൈഡർമാനെ കാണാം. ഏതാണ്ട് രണ്ട് സെക്കറ്റുള്ള വീഡിയോയാണ് പങ്കുവയ്ക്കപ്പെട്ടത്.
റോഡരികില്‍ നിന്ന ആരോ പകര്‍ത്തിയ വീഡിയോയായിരുന്നു അത്. പരാതി ലഭിച്ച ഉടനെ നടപടികളുമായി പോലീസ് മുന്നോട്ട് പോയി. ദ്വാരകയിലെ രാംഫാൽ ചൗക്കിന് സമീപത്ത് നിന്നാണ് പോലീസ് കാറിനെയും സ്പൈഡർമാനെയും കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്പൈഡർമാൻ വേഷത്തിലെത്തിയ നജഫ്ഗഢ് സ്വദേശി ആദിത്യ (20), വാഹനത്തിന്റെ ഡ്രൈവർ മഹാവീർ എൻക്ലേവിൽ താമസിക്കുന്ന ഗൗരവ് സിങ് (19) എന്നിവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. അപകടകരമായ ഡ്രൈവിംഗ്, മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ല, സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ല തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് 26,000 രൂപ പിഴ ഈടാക്കിയത്.