തിരുവനന്തപുരം: കായിക മേഖലയുടെയും കായിക താരങ്ങളുടെയും ഉന്നമനത്തിനായി നിലകൊള്ളുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേത്. കായിക താരങ്ങക്ക് എല്ലാ പ്രോത്സാഹനവും കേരളം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾക്കു സംസ്ഥാന സർക്കാർ സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ അടക്കം മലയാളി താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കേരള താരങ്ങൾ നേടിയ ഒൻപത് മെഡലുകൾ വളരെ വിലപ്പെട്ടതാണ്. തിരുവനന്തപുരം എൽഎൻസിപിഇയിൽ ആണ് ഏഷ്യൻ ഗെയിംസിനുള്ള അത്ലറ്റിക്സ് ടീം പരിശീലനം നടത്തിയത്.
കായിക മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് സംസ്ഥാന സർക്കാർ കൃതമായ പാരിതോഷികം നൽകിവരാറുണ്ട്. കായിക താരങ്ങൾക്കു പാരിതോഷികം നൽകുന്നതിനു പുറമെ, മികച്ച പരിശീലനത്തിനായി കഴിഞ്ഞ രണ്ടര വർഷത്തിനിടെ 40 ലക്ഷം രൂപയോളം അനുവദിച്ചു.
കായികതാരങ്ങൾക്ക് ജോലി നൽകുന്ന കാര്യത്തിൽ സർവകാല റെക്കോഡിട്ട സർക്കാരാണിത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 676 താരങ്ങൾക്ക് സ്പോട്സ് ക്വാട്ടയിൽ സംസ്ഥാന സർക്കാർ നിയമനം നൽകി.
മറ്റു സംസ്ഥാനങ്ങളിലൊന്നും സ്പോട്സ് ക്വാട്ട നിയമനമില്ല. കേരളത്തിൽ വർഷം തോറും 50 പേർക്ക് വീതം സ്പോട്സ് ക്വാട്ടയിൽ നിർബന്ധമായും നിയമനം നൽകി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.