അടൂര്‍: രണ്ടെണ്ണം അകത്തു ചെന്നാല്‍ ശ്രീകുമാറിനു മകനോടുള്ള സ്നേഹം കൂടും. പിന്നെ മകനെ പഠിപ്പിക്കാനിരിക്കും. പഠിച്ചിട്ടില്ലെങ്കില്‍ ക്രൂരമായി പീഡിപ്പിക്കും. പിതാവിന്റെ ഈ സ്വഭാവം അറിയാമെങ്കിലും പുറംലോകത്ത് ഇതറഞ്ഞിരുന്നില്ല.
കഴിഞ്ഞദിവസം മകനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം മാതാവ് സഹപ്രവര്‍ത്തകരോടു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
പള്ളിക്കല്‍ കൊച്ചു തുണ്ടില്‍ കിഴക്കതില്‍ ശ്രീകുമാര്‍ (31)നെ കേസില്‍ റിമാന്‍ഡിലായി. മാതാവ് സലാമത്ത് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ട്യൂഷന് ക്ലാസില്‍ നല്കിയ പാഠഭാഗങ്ങള്‍ പഠിച്ചില്ലെന്ന പേരില്‍ മദ്യലഹരിയിലാണ് പിതാവ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
രണ്ടു തവണയായിട്ടാണ് കടുത്ത ശിക്ഷ കുട്ടിക്ക് പിതാവ് നല്‍കിയത്. കുട്ടിയുടെ കാലിന്റെ വണ്ണയ്ക്ക് പൊള്ളലേല്പിച്ചതിന് തിങ്കളാഴ്ച രാത്രി ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൂന്നു തവണ തന്നെ പിതാവ് ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. വിദഗ്ധ പരിശോധനയില്‍ രണ്ടു തവണ പൊള്ളിച്ചതായി കണ്ടെത്തി. ഒരു പൊള്ളല്‍ തുടയിടുക്കിലാണ്.
അത് ഭേദമായി വരുമ്പോഴാണ് കഴിഞ്ഞ 30 ന് വീണ്ടും പൊള്ളിച്ചത്. കുട്ടിയെ മനഃപൂര്‍വം ഉപദ്രവിക്കണമെന്ന ഉദ്ദേശം ശ്രീകുമാറിന് ഇല്ലായിരുന്നുവെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദീപ ഹരി പറഞ്ഞു. മദ്യം ഉള്ളില്‍ ചെല്ലുമ്പോള്‍ മകനെ പഠിപ്പിക്കാനെത്തും.
ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തപ്പോഴാണ് മര്‍ദനവും പീഡനവുമെന്ന് ശിശുക്ഷേമസമിതിയുടെ അന്വേഷണത്തിലും വ്യക്തമായി.
സ്കൂളില്ലാത്തതിനാല്‍ കുട്ടിയെ സമീപത്തെ വീട്ടില്‍ ട്യൂഷന് അയയ്ക്കുന്നുണ്ട്. ശ്രീകുമാര്‍ ജോലിക്ക് പോയപ്പോള്‍ കുറച്ച് പാഠഭാഗങ്ങള്‍ മകനെ പഠിക്കാന്‍ ഏല്പിച്ചിരുന്നു.
വൈകുന്നേരം തിരികെവന്ന് എഴുതിച്ചപ്പോള്‍ തെറ്റിയെന്ന പേരില്‍ ചട്ടുകം പൊള്ളിച്ച് വയ്ക്കുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങി എത്തിയ സലാമത്ത് കുട്ടിയുടെ പൊള്ളല്‍ കണ്ടെങ്കിലും കാര്യമാക്കിയില്ല. പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് തേച്ചു കൊടുത്തു.
പിറ്റേന്ന് തെങ്ങമം തോട്ടുമുക്കില്‍ സലാമത്ത് ജോലി ചെയ്യുന്ന ഹോട്ടലിലെഉടമയോടും മറ്റും ഇക്കാര്യം പറഞ്ഞു. അവരാണ് വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കാന്‍ പറഞ്ഞത്.
തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മാതാവിനെയും മകനെയും വിളിച്ചു വരുത്തി മൊഴി എടുത്ത് പോലീസിന് കൈമാറുകയായിരുന്നു.
ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലുള്ള കുട്ടി റാന്നി താലൂക്കാശുപത്രിയിലാണ് ഇപ്പോഴുള്ളത്. സംരക്ഷണം നല്കാന് ബുദ്ധിമുട്ടുണ്ടെന്ന് മാതാവ് അറിയിച്ചിട്ടുണ്ട്.
വാര്‍ഡ് മെംബര്‍ അടക്കമുള്ളവര്‍ കുട്ടിയെ അടൂര്‍ വിവേകാനന്ദ ബാലാശ്രമത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് നിയമ തടസമൊന്നുമില്ലെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.