കൊച്ചി: നടന് ശ്രീനാഥ് ഭാസിക്കെതിരേ യുട്യൂബ് ചാനൽ അവതാരക നൽകിയ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും നടന്റെ ഭാവി തീരുമാനിക്കുക ശാസ്ത്രീയ പരിശോധനാ ഫലം.
അഭിമുഖത്തിനിടെ നടന് അവതാരകയോട് മോശം പെരുമാറ്റം നടത്തിയ സമയത്ത് ഇയാള്‍ ലഹരി മരുന്ന ഉപോഗിച്ചിരുന്നതായി പരാതിക്കാരിയും സാക്ഷികളും സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മരട് പോലീസ് ശ്രീനാഥ് ഭാസിയുടെ നഖവും മുടിയും രക്തവും ശേഖരിച്ചു ശാസ്ത്രീയ പരിശോധനക്ക് അയച്ചിരുന്നു.
വൈകാതെ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നും ഇതിന്റെ പരിശോധനാ ഫലം പോലീസിന് ലഭിക്കും. നടനെതിരായാണ് പരിശോധനാ ഫലമെങ്കില്‍ ലഹരി ഉപയോഗത്തിന് ശ്രീനാഥിനെതിരേ പോലീസ് കേസെടുക്കും.
സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നും പരാതിയില്ലെന്നും അവതാരക വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം വ്യക്തമാക്കി അവതാരക നല്കിയ സത്യവാങ്മൂലവും ശ്രീനാഥ് ഭാസി ഹര്‍ജിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഹര്‍ജി ഏഴിനു വീണ്ടും പരിഗണിക്കും.
കഴിഞ്ഞ സെപ്റ്റംബര്‍ 21നു കൊച്ചിയിലെ ഒരു ഹോട്ടലില്‍ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അവതാരക നല്കിയ പരാതിയില്‍ മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സെപ്റ്റംബര്‍ 23 നു ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി, അശ്ലീല വാക്കുകള്‍ പറഞ്ഞു തുടങ്ങിയ കുറ്റങ്ങളാണ് ശ്രീനാഥ് ഭാസിക്കെതിരേ ചുമത്തിയിട്ടുള്ളത്.
ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ നടന് മോശമായി പെരുമാറിയത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിവാദമായിരുന്നു.