കൊച്ചി: സനിയമസഭാ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി കെ ടി ജലീൽ എന്നിവർക്ക് എതിരേ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ് കോളജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടു. ഇതിനായി ഷാർജയിൽ വച്ച് ഭരണാധികാരിയെ കണ്ടു.
ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോണ്‍സൽ ജനറലിന് കൈക്കൂലി നൽകിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏൽപ്പിച്ചത്. പണം കോണ്‍സൽ ജനറലിന് നൽകിയ ശേഷം ബാഗ് സരിത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്ന പറയുന്നു.
മുൻ മന്ത്രി കെ.ടി. ജലീലിനെതിരേ ബിനാമി ആരോപണമാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യരാണ് ജലീലിന്റെ ബിനാമിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്.
മുംബൈ ആസ്ഥാനമായാണ് കന്പനി പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാൻ എത്തിച്ചുവെന്ന് കോണ്‍സൽ ജനറൽ വെളിപ്പെടുത്തിയതായും സ്വപ്ന ആരോപിക്കുന്നു.
അതേസമയം, ഷാർജ ഭരണാധികാരിക്ക് ഡി ലിറ്റ് നൽകാൻ ജലീൽ സമ്മർദ്ദം ചെലുത്തിയെന്നും സ്വപ്നയുടെ ആരോപണം.
ഇതിനായി വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീൽ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു.
വീണ്ടും ആരോപണങ്ങൾ
മകളുടെ ബിസിനസിന് മുഖ്യമന്ത്രി പിണറായി വിജയൻ ഷാർജാ ഭരണാധികാരിയുടെ സഹായം തേടിയെന്നും ഇതിനായി ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വപ്ന ആരോപിക്കുന്നു.
ജീവനു ഭീഷണിയുണ്ടെന്നും സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ രഹസ്യമൊഴിയായി രേഖപ്പെടുത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച അപേക്ഷയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2017ൽ ഷാർജാ ഭരണാധികാരി എത്തിയപ്പോഴായിരുന്നു ക്ലിഫ് ഹൗസ് ചർച്ച. നളിനി നെറ്റോയും എം. ശിവശങ്കറും ചർച്ചയിൽ പങ്കെടുത്തു.
കൂടിക്കാഴ്ചയിൽനിന്നു താനുൾപ്പെടെയുള്ളവരെ മാറ്റിനിർത്തി. യുഎഇയിലെ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി ചർച്ച നടത്തി. ഷാർജാ ഭരണാധികാരിയുടെ എതിർപ്പാണ് മകളുടെ ഐടി സംരംഭത്തിനു തടസമായത്.
കോവളത്ത് ഷാർജാ ഭരണാധികാരിയുടെ ഭാര്യക്കു സമ്മാനം നൽകാൻ മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചു. സമ്മാനങ്ങൾ അവർ സ്വീകരിക്കില്ലെന്നു പറഞ്ഞു മുഖ്യമന്ത്രിയുടെ ഭാര്യയെ താൻ പിന്തിരിപ്പിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കേന്ദ്ര സുരക്ഷ: സ്വപ്നയുടെ അപേക്ഷഇന്നു വീണ്ടും പരിഗണിക്കും
സംസ്ഥാന പോലീസിൽ വിശ്വാസമില്ലെന്നും കേന്ദ്ര സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വർണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് നൽകിയ അപേക്ഷ ഇന്ന് വീണ്ടും കോടതി പരിഗണിക്കും.
എറണാകുളം ജില്ല കോടതിയാണ് അപേക്ഷ വീണ്ടും പരിഗണിക്കുന്നത്. തന്റെ വെളിപ്പെടുത്തലിനു പിന്നാലെ വൻ ഭീഷണി ഉണ്ടെന്നും ഇഡി ഇടപ്പെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്നയുടെ ആവശ്യം.
ഇഡിക്ക് പോലും കേരളത്തിൽ സുരക്ഷയില്ലെന്നും സ്വപ്നയുടെ ആവശ്യത്തിൽ കോടതി തീരുമാനമനുസരിച്ച് നടപടിയെടുക്കാമെന്നുമാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
സംഭവത്തിൽ ഗൂഢാലോചനയെന്ന് ഷാജ് കിരണ്‍
അതേസമയം സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസിൽ തന്നെ പെടുത്തിയിരിക്കുകയാണെന്നും സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും ഷാജ് കിരണ്‍ പറഞ്ഞു.
സ്വപ്നയുടെ സുഹൃത്തായ ഷാജ് കിരണ്‍ ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരായി മൊഴി നൽകി. ആലുവ പോലീസ് ക്ലബിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ആരംഭിച്ച മൊഴിയെടുക്കൽ രാത്രി വൈകുംവരെ തുടർന്നു.
കഴിഞ്ഞദിവസങ്ങളിൽ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം ഷാജ് അന്വേഷണസംഘത്തോട് പറഞ്ഞതായാണ് വിവരം.