മാന്നാർ: തെരുവുനായയ്ക്കളെ പിടിക്കാൻ ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗങ്ങളും രംഗത്തിറങ്ങി. തെരുവുനായശല്യം രൂക്ഷമായ മാന്നാറിലെ പാവുക്കരയിലാണ് ഇവർ നേരിട്ട് പട്ടി പിടിത്തത്തിന് ഇറങ്ങിയത്.
ഈ പ്രദേശത്ത് പേപ്പട്ടി ശല്യം രൂക്ഷമായതിനാൽ ജനം പരിഭ്രാന്തിയിലായിരുന്നു. ഇതേ തുടർന്നാണ് നായ്ക്കളെ പിടികൂടാനായി ഇന്നലെരാത്രിയിൽ പഞ്ചായത്ത് പ്രസിഡനന്റടക്കമുള്ള ജനപ്രതിനിധികൾ രംഗത്തിറങിയത്.
പഞ്ചായത്ത് മൂന്നാം വാർഡിലാണ് പേപിടിച്ച നായ നിരവധി തെരുവ് നായ്ക്കളെ കടിച്ചതായി നാട്ടുകാർ പരാതിപ്പെട്ടത്. ഇരുചക്ര വാഹന യാത്രക്കാരടക്കം വഴിയാത്രികരെ കടിക്കാനായി ഓടിക്കുകയും നാൽക്കാലികളെ കടിക്കാനെത്തുകയും ചെയ്തതോടെ ഈ നായയെ വലയിലാക്കാൻ പഞ്ചായത്ത് ശ്രമം ആരംഭിച്ചു.
എബിസി പദ്ധതിയിൽ പ്രവർത്തിക്കുന്ന ചേർത്തല സ്വദേശികളായ സ്മിത, ദിലീപ് എന്നീ പട്ടിപിടിത്തക്കാരെയും രാത്രി തന്നെ പാവുക്കരയിലെത്തിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, സെക്രട്ടറി സുനിൽ . സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ശാലിനി രഘുനാഥ്, സലിം പടി പുരയ്ക്കൽ, അംഗങ്ങളായ സെലീന നൗഷാദ്, വി.ആർ. ശിവപ്രസാദ് എന്നിവരും നാട്ടുകാരും നായെ പിടികൂടാൻ ഇവർക്കൊപ്പം ചേർന്നു.നാല് നായ്ക്കളെ പിടികൂടി.