സ്വന്തം ലേഖകൻ
തൃശൂർ: 210ന് കോടികളുടെ വിലയുള്ള ദിവസമുണ്ടായിരുന്നു….പണ്ട് എസ്.എസ്.എൽ.സി പരീക്ഷാ റിസൾട്ട് വരുന്ന ദിവസം…
പത്താം ക്ലാസെന്ന കടന്പ കടക്കണമെങ്കിൽ 210 മാർക്ക് നിർബന്ധമായിരുന്ന, ഗ്രേഡിംഗ് സംവിധാനമില്ലാതിരുന്ന കാലം..
209 മാർക്കാണ് കിട്ടുന്നതെങ്കിൽ പത്തിൽ പൊട്ടിയെന്ന് മുദ്രചാർത്തിക്കിട്ടിയിരുന്ന കാലം…
210 മാർക്ക് കിട്ടാൻ മോഡറേഷനു വേണ്ടി കാത്തിരുന്നിരുന്ന കാലം…
ഇപ്പോൾ ഗ്രേഡുകളായതോടെ 210 ഉം മോഡറേഷനുമൊക്കെ പഴങ്കഥകളായി.
എത്ര എ പ്ലസുണ്ട് എന്ന ചോദ്യമാണിപ്പോൾ എസ്.എസ്.എൽ.സി റിസൾട്ടറിഞ്ഞാൽ ആളുകൾ ചോദിക്കുന്നത്.
ഇന്ന് നിരവധി വെബ്സൈറ്റുകൾ വഴിയും ഓണ്‍ലൈൻ വഴിയുമൊക്കെ പത്താം ക്ലാസ് പരീക്ഷ ഫലം അറിയാൻ സാധിക്കുന്പോൾ വർഷങ്ങൾക്ക് മുൻപ് റിസൾട്ടറിയാൻ പത്രമോഫീസുകൾക്ക് മുന്നിൽ കാത്തുനിന്നിരുന്നത് എങ്ങിനെ മറക്കാനാകും….
പത്രം ഓഫീസിൽ ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ അവരുടെ കയ്യിൽ രജിസ്റ്റർ നന്പർ കടലാസ് കഷ്ണത്തിലെഴുതി കൊടുക്കും.
തിരികെ ആ കടലാസ് കഷ്ണം കിട്ടുന്പോൾ അതിൽ ജയിച്ചിട്ടുണ്ടെങ്കിൽ ടിക്കിട്ടിരിക്കും..തോറ്റിട്ടുണ്ടെങ്കിൽ ഗുണനചിഹ്നവും.
ഡിസ്റ്റിംഗ്ഷൻ, ഫസ്റ്റ്ക്ലാസ്, സെക്കൻഡ് ക്ലാസ് കിട്ടിയെന്ന് അഭിമാനത്തോടെ പറയുന്നവർക്കു പിന്നാലെ മോഡറേഷൻ കനിഞ്ഞ് 210 കിട്ടിയ എത്രയോ പേർ ആശ്വാസത്തോടെ നടന്നിരുന്നു.
ചില പത്രമോഫീസുകളിൽ റിസൾട്ട് പ്രിന്റെടുത്ത് ഓഫീസിനു മുന്നിൽ ഒട്ടിച്ചുവെക്കും. അതിനു ശേഷമേ ഓഫീസിന്റെ ഗേറ്റ് തുറക്കൂ. തുറന്നയുടൻ റിസൾട്ട് നോക്കാൻ ഓഫീസിനകത്തേക്ക് കുട്ടികൾ ഓടിക്കയറുന്ന കാഴ്ചയും ഓർമകളിൽ ഇന്നും സൂക്ഷിക്കുന്നവരുണ്ട്.
ഓണ്‍ലൈൻ റിസൾട്ടുകളൊന്നും സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന അക്കാലത്ത് കേരളത്തിന്റെ ഇങ്ങേയറ്റത്തെ കാസർകോടു നിന്നുവരെ റിസൾട്ടിന്റെ കോപ്പി കിട്ടാൻ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ കാത്തിരുന്ന് പ്രിന്റ് വാങ്ങിയതിന്റെ ഓർമകളും പത്രമോഫീസുകളിലുണ്ട്.
പ്രിന്റു കിട്ടിയാലുടൻ സ്വന്തം വാഹനത്തിലോ ട്രെയിനിലോ റിസൾട്ടുമായി അതാത് ജില്ലകളിലേക്ക് പാഞ്ഞവരേറെ….
പിന്നെ പത്രത്തിലെത്തി ലക്ഷക്കണക്കിന് നന്പറുകൾ കന്പോസ് ചെയ്യുകയെന്ന ഭാരിച്ച പണി….
റാങ്ക് ജേതാക്കളുടെ ചിത്രമടക്കം പിറ്റേന്ന് എസ്.എസ്.എൽ.സി കടന്പ കടന്നവരുടെ നന്പറുകൾ നിറഞ്ഞ പത്രം ഇറങ്ങുന്പോൾ ജയിച്ചവർ വീണ്ടും വീണ്ടും പത്രം നോക്കി ആനന്ദനിർവൃതിയടയുന്പോൾ തോറ്റവർക്ക് ആ പത്രം കാണുന്നതേ കരച്ചിലുണ്ടാക്കിയിരുന്നു…
ഒരു 210 മാർക്ക് വാങ്ങാൻ പറ്റിയില്ലെങ്കിൽ നിനക്കൊക്കെ വേറെ വല്ല പണിക്ക് പൊയ്ക്കൂടെ എന്ന ഡയലോഗ് അന്നെത്ര വീട്ടകങ്ങളിൽ നിന്നുയർന്നിരുന്നുവെന്നറിയാമോ…
റിസൾട്ടിന്റെ കോപ്പി കിട്ടാനായി പത്രമോഫീസുകളിൽ ട്യൂട്ടോറിയലുകാർ ക്യൂ നിന്നിരുന്ന ആ പഴയ കാലവും ഓർമയിലായി. ഇപ്പോൾ റിസൾട്ടെല്ലാം വിരൽത്തുന്പിലെത്തുന്ന കാലമായി…