തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച നടനും നടിയും ആരെന്ന് ഇന്നറിയാം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം മൂന്നിന് സാംസ്കാരിക മന്ത്രി സജി ചെറിയാന് ആണ് ജേതാക്കളെ പ്രഖ്യാപിക്കുക.’
മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ എന്നീ വിഭാഗങ്ങളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. മികച്ച നടൻ എന്ന വിഭാഗത്തിൽ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഫഹദ് ഫാസിൽ ടോവിനോ എന്നിവരും മാറ്റുരയ്ക്കുന്നുണ്ട്. നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക്, ഭീഷ്മപർവം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിക്ക് തുണയായതെങ്കിൽ ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ അഭിനയമികവാണ് കുഞ്ചാക്കോ ബോബനെ അവസാന റൗണ്ടിലെത്തിച്ചത്.
അപ്പനിലെ പ്രകടനത്തിന്റെ ബലം അലൻസിയറിന് തുണയാകുമോയെന്നും ഇന്നറിയാം.ദർശന രാജേന്ദ്രൻ, ദിവ്യപ്രഭ എന്നിവരാണ് മികച്ച നടിമാരുടെ വിഭാഗത്തിൽ ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നത്.
ജയജയജയ ജയഹേ എന്ന ചിത്രമാണ് ദർശന രാജേന്ദ്രനെ പരിഗണനാർഹയാക്കിയത്. അറിയിപ്പിലെ അഭിനയത്തിന് ദിവ്യപ്രഭയും മികച്ച നടിയാകാൻ മത്സരിക്കുന്നു.
സൗദി വെള്ളക്കയിലെ മികച്ച പ്രകടനവുമായി ദേവി വർമയും മത്സര രംഗത്തുണ്ട്. 154 ചിത്രങ്ങളില്‍ നിന്ന് മുപ്പത് ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയത്.
പ്രമുഖ ബംഗാളി ചലച്ചിത്രപ്രവർത്തകൻ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് നിർണ്ണയിക്കുന്നത്. നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായർ, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.