കൊച്ചി: സംസ്ഥാനത്ത് മൂന്നു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 71,648 കുറ്റകൃത്യങ്ങള്‍. സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ 2025 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 16 വരെയുളള കണക്കാണിത്. മുൻ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്താൽ കുറ്റകൃത്യങ്ങൾ കുറയുകയാണെന്നാണു സൂചന. 2024 ല്‍ ആകെ 5,04,157 കേസുകളും 2023 ല്‍ 5,84,373 കേസുകളും 2022 ല്‍ 4,54,836 കേസുകളുമാണു റിപ്പോർട്ട് ചെയ്തിരുന്നത്.
കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ 18 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കെതിരേയുളള അതിക്രമങ്ങള്‍ സംബന്ധിച്ച് 2,478 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. 2024 ല്‍ 14,356, 2023 ല്‍ 15,502, 2022 ല്‍ 14,891, 2021 ല്‍ 13,689 എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍.
പെണ്‍കുട്ടികള്‍ക്ക് നേരേ മൂന്നു മാസത്തിനിടയില്‍ 894 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
2024 ല്‍ 4,562, 2023ല്‍ 4,525, 2022 ല്‍ 4,507, 2021 ല്‍ 3,459 എന്നിങ്ങനെ പോകുന്നു കേസുകളുടെ വിവരങ്ങള്‍. മൂന്നു മാസത്തിനിടയില്‍ 18 വയസിനു താഴെയുള്ള ആണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് 163 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024 ല്‍ ഇത് 868 ആയിരുന്നു. 2023 ല്‍ 948, 2022 ല്‍ 796, 2021 ല്‍ 699 എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍.
സെബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വര്‍ധനയുണ്ടായി. മൂന്നു മാസത്തിനിടെ 421 സൈബര്‍ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024 ല്‍ 3,581 ഉം, 2023 ല്‍ 3,177 ഉം, 2022 ല്‍ 906 ഉം, 2021 ല്‍ 860 ഉം സൈബര്‍ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
മൂന്നു മാസത്തിനിടയില്‍ 734 ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024 ല്‍ 2,068, 2023 ല്‍ 2,387, 2022 ല്‍ 1,998, 2021 ല്‍ 617 എന്നിങ്ങനെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം.
സീമ മോഹന്‍ലാല്‍