വയറുവേദനയുമായി എത്തിയ 27 വയസുകാരിയുടെ ശരീരത്തിൽ ഡോക്ടർമാർ കണ്ടെത്തിയത് അപൂർവ പ്രതിഭാസം. 24 ആഴ്ച വളർച്ചയെത്തിയ ‘സ്റ്റോൺ ബേബിയെ’ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. ലോകത്ത് അപൂർവമായി മാത്രമാണ് വയറിനുള്ളിൽ സ്റ്റോൺ ബേബി രൂപപ്പെടുന്നത്.
വയറ്റിനുള്ളിൽ വെച്ച് ജീവൻ നഷ്ടമാകുന്ന ഭ്രൂണം പിന്നീട് കാൽസ്യം നിക്ഷേപം സംഭവിച്ച് കല്ലിന് സമാനമാകുന്നതാണ് സ്റ്റോൺ ബേബി.
കല്ലിന് സമാനമാകുന്ന ഭ്രൂണം ‘ലിത്തോപീഡിയൻ’ എന്നും അറിയപ്പെടുന്നു. ഗർഭത്തിന്റെ പതിനാലാം ആഴ്ച മുതൽ ഗർഭകാലത്തിന്റെ അവസാനം വരെയുള്ള ഏത് സമയത്തും ഇത്തരത്തിലുള്ള ഒരു പ്രതിഭാസത്തിന് സാധ്യതയുണ്ട്.
വിശാഖപട്ടണം കിംഗ് ജോർജ് ആശുപത്രിയിലെ ഡോക്ടർമാരാണ് 27കാരിയുടെ ശരീരത്തിൽ നിന്ന് സ്റ്റോൺ ബേബിയെ നീക്കം ചെയ്തത്. ഇവർ കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തുകയായിരുന്നു.
ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു. ഗർഭസ്ഥ ശിശുവിന്റെ നെഞ്ചിൻകൂട്, തലയോട്ടി, ഇടുപ്പെല്ല്, തോളെല്ല് തുടങ്ങിയവ നീക്കം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.