വി. ശ്രീകാന്ത്
വെളിപ്പെടുത്തലുകളുടെ ഇടയിൽപ്പെട്ട് മലയാള സിനിമ ഞെങ്ങി ഞെരുങ്ങുകയാണ്. ചെളിവാരിയെറിഞ്ഞുള്ള ഈ പോക്ക് ശരിക്കും പറഞ്ഞാൽ സിനിമ മേഖലയെ നാണക്കേടിന്റെ പടുകുഴിയിലെത്തിച്ചിരിക്കുകയാണ്.
ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം വിഷയത്തിൽ തുടങ്ങി ഇങ്ങോട്ട് വെളിപ്പെടുത്തലുകളുടെ ഒഴുക്കാണ്. ടിനി ടോം പേര് പറയാതെ പറഞ്ഞ ഒരു നടന്റെ പല്ല് പൊടിയൽ കഥ, സംവിധായകനും നടനുമായ ജൂഡ് ആന്തണി നടൻ ആന്റണി വർഗീസ് പെപ്പെയെ കുറിച്ച് പറഞ്ഞ വഞ്ചനയുടെ കഥയെല്ലാം കേട്ട് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്.
ചലച്ചിത്ര മേഖലയിലെ യുവതാരങ്ങൾ അഹങ്കാരത്തിന്റെ കൊടുമുടി കയറുന്നുവെന്ന് സിനിമയ്ക്ക് ഉള്ളിൽ നിന്നുള്ളവർ തന്നെ തുറന്നടിക്കുന്പോൾ ഇനിയെങ്കിലും ഇവർക്കൊന്ന് മാറിക്കൂടെയെന്ന് ഇവരെ ചേർത്ത് പിടിക്കുന്ന ആസ്വാദകരും ചോദിച്ച് തുടങ്ങിയിട്ടുണ്ട്.
നന്ദികെട്ടവരോ ഇവർ
2018 എന്ന ചിത്രം സിനിമ തിയറ്ററിൽ വീണ്ടും ആളെ കയറ്റി തുടങ്ങിയതോടെയാണ് സംവിധായകൻ ജൂഡ് ആന്തണി സിനിമ മേഖലയിലെ പുഴുക്കുത്തുകളെ കുറിച്ച് തുറന്നടിച്ചത്.
നിര്മാതാവിന്റെ കൈയില് നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് മുന്പ് ആന്റണി വർഗീസ് പെപ്പ ചിത്രത്തിൽ നിന്നും പിന്മാറിയെന്നാണ് ജൂഡ് തുറന്നടിച്ചത്.
നന്ദിയില്ലാത്ത ഒരുപാടുപേർ സിനിമ മേഖലയിൽ ഉണ്ടെന്ന് ജൂഡ് പറയുന്പോൾ അഴിയാക്കഥകൾ നിരവധി സിനിമ മേഖലയുടെ ഉള്ളറകളിൽ ഉണ്ടെന്ന് വ്യക്തം.
പണം നൽകുന്നവരോട് അല്പമെങ്കിലും നന്ദി കാട്ടേണ്ടത് മനുഷ്യത്വത്തിന്റെ ഭാഗമാണ്. എന്നാൽ ചില യുവനടന്മാരുടെ ഇപ്പോഴത്തെ പെരുമാറ്റ രീതികൾ കാണുന്പോൾ നന്ദി എന്ന രണ്ടക്ഷരം മറന്ന് പണം എന്ന രണ്ടക്ഷരത്തിന്റെ പിന്നാലെ പാഞ്ഞ് നന്ദികെട്ടവരായി മാറാൻ മത്സരിക്കുന്നതായിട്ടാണ് ജനങ്ങൾക്ക് തോന്നുന്നത്.
ഞാനെന്ന ഭാവം
രണ്ട് ചിത്രം ക്ലിക്കായാൽ പിന്നെ എന്തൊക്കെയോ നേടിയെന്നുള്ള ഭാവം യുവ നടന്മാരിൽ ചെക്കേറുകയാണ്. പിന്നെ ഞാനെന്ന ഭാവം കൂടി അങ്ങ് വന്നാൽ അവർ മറ്റൊരു ലോകത്താകും ജീവിക്കുക.
സിനിമാക്കാരുടെ അടക്കം പറച്ചിൽ ഒടുവിൽ പരസ്യമായ വെളിപ്പെടുത്തലുകളായി പുറത്തു വരുന്പോൾ ഈ “ഞാനെന്ന ഭാവം’ പലർക്കും ഉണ്ടെന്നുള്ള കാര്യം തനിയെ പുറത്തു ചാടുകയായിരുന്നു.
സിനിമ മേഖല മോശാവസ്ഥയിലൂടെ പോകുന്പോഴും ഈ ഭാവത്തിന് ഒരു മാറ്റവും വരുത്താൻ ചില നടന്മാർ കൂട്ടാക്കുന്നില്ല. അപ്പോൾ പിന്നെ അവരെ കൂടെ കൂട്ടാതെ മുന്നോട്ട് പോകുന്നതാകും നിർമാതാക്കൾക്ക് നല്ലത്.
ഷെയ്ൻ നിഗത്തിന്റെ പണത്തെ പറ്റിയുള്ള സംഭാഷണവും ശ്രീനാഥ് ഭാസിയുടെ ഓർമക്കുറവും ആന്റണി വർഗീസ് പെപ്പെയുടെ നിർമാതാക്കളോടുള്ള സമീപനത്തെപ്പറ്റി സംവിധായകന്റെ പരാമർശവും താരങ്ങളുടെ ഞാനെന്ന ഭാവത്തിന്റെ ഉദാഹരണമാണ്.
എങ്ങനെ രക്ഷപ്പെടും
ഈ പല്ലൊക്കെ പൊടിഞ്ഞ് പോകുന്ന രീതിയിലുളള ലഹരി ഉപയോഗം ആരെയും ഞെട്ടിക്കുന്ന ഒന്നാണ്. ഇത്തരം സംഭവം സിനിമ മേഖലയിൽ നിന്നാകുന്പോൾ അതിന് പ്രചാരമേറുകയും ചെയ്യും.
ടിനി ടോമിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നപ്പോൾ ജനം ഒരു കാര്യം ഉറപ്പിച്ചു. “സിനിമ മേഖലയിൽ ലഹരി ഉപയോഗം’ എന്ന രീതിയിൽ പുറത്തു വരുന്ന വാർത്തകൾ കെട്ടുക്കഥകളല്ല മറിച്ച് അതിൽ പ്രസക്തിയുണ്ടെന്ന്.
ഇങ്ങനെയുള്ള പോക്കാണ് യുവ നടന്മാരുടേതെങ്കിൽ നിർമാതാക്കളുടെ കാര്യം കഷ്ടത്തിലാകും എന്നുറപ്പ്. നിർമാതാക്കൾ നോക്കിയും കണ്ടും നടന്മാരെ തങ്ങളുടെ സിനിമയ്ക്കായി വിളിക്കുന്നതാവും ഇനിയുള്ള കാലത്ത് പോക്കറ്റ് കീറാതിരിക്കാൻ നല്ലതെന്നാണ് പൊതുവിലുള്ള അഭിപ്രായം.
2018 സിനിമ മലയാള സിനിമ മേഖലയ്ക്ക് ഉണർവ് നൽകിയപ്പോഴും ഒട്ടും ഉന്മേഷം തരാത്ത വെളിപ്പെടുത്തലുകളാണ് സിനിമ മേഖലയ്ക്ക് അകത്ത് നിന്നും പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്.