നാദാപുരം: ഉമ്മത്തൂരിലും പാറക്കടവിലും തെരുവ് നായയുടെ പരാക്രമത്തില്‍ എട്ടുവയസുകാരി ഉള്‍പ്പെടെ രണ്ടു പേർക്കു കടിയേറ്റു. ഉമ്മത്തൂർ സ്വദേശിനി ദിഖ്റ (8), ചെക്യാട് വില്ലേജ്ഓഫീസ് പരിസരത്തെ കുന്നുംമഠത്തിൽ ചന്ദ്രി ( 40 ) എന്നിവർക്കാണു കടിയേറ്റത്.
ഇന്നലെ വൈകുന്നേരം വീടിന്റെ മുറ്റത്തുനിന്നു സൈക്കിൾ ചവിട്ടി കളിക്കുന്നതിനിടയിലാണ് ബാലികയ്ക്കു കടിയേറ്റത്. ഇതിനുപിന്നാലെയാണ് സമീപവാസിയായ ചന്ദ്രിക്കു കടിയേറ്റത്. ഇരുവരും നാദാപുരം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും വിദ്യാർഥികളടക്കമുള്ളവർ നടന്നുപോകുന്നത് ഭീതിയോടെയാണെന്നും നാട്ടുകാർ പറഞ്ഞു. ഇനി സ്കൂള്‍ കൂടി തുറക്കുന്ന അവസ്ഥയില്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.