എടപ്പാൾ: ആതവനാട് കഞ്ഞിപ്പുര ചോറ്റൂരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ചോറ്റൂർ കിഴുക പറമ്പാട്ട് വീട്ടിൽ കബീറിന്റെ മകൾ സുബീറ ഫർഹത്തി (21)നെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ ചോറ്റൂർ വരിക്കോടത്ത് വീട്ടിൽ കുഞ്ഞുഹൈദ്രുവിന്റെ മകൻ മുഹമ്മദ് അൻവർ എന്ന അനൂട്ടി (39)യെയാണ് തിരൂർ കോടതി റിമാൻഡ് ചെയ്തത്.
ആഭരണങ്ങൾ കവരാനാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണു പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോടു പറഞ്ഞത്.
പ്രതിയെ ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി.
മലപ്പുറം മൊബൈൽ ഫോറൻസിക് യൂണിറ്റ് സയന്റിഫിക് ഓഫീസർ സൈനബ ഇളയത്തിന്റെ നേതൃത്വത്തിൽ ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി.
പെണ്കുട്ടിയുടെയും പ്രതിയുടെയുമെന്നു സംശയിക്കുന്ന ചെരിപ്പുകൾ, ഹെയർ ബാൻഡ്, മാസ്ക് എന്നിവ പരിസരത്തുനിന്നു കണ്ടെത്തി. ബലപ്രയോഗം നടന്ന തെളിവുകളും പോലീസിനു ലഭിച്ചിട്ടുണ്ട്.
ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയും സ്ഥലത്ത് പരിശോധന നടത്തി. യുവതിയുടെ ബാഗ്, മൊബൈൽ ഫോണ്, ആഭരണങ്ങൾ എന്നിവ ഇനിയും കണ്ടെത്താനുണ്ട്.
മാർച്ച് പത്തിനു രാവിലെ ഒൻപതിന് വീട്ടിൽനിന്നു വെട്ടിച്ചിറയിലെ ജോലി സ്ഥലത്തേക്കു പോയ സുബീറ ഫർഹത്തിനെ കാണാതാവുകയായിരുന്നു.
41 ദിവസങ്ങൾക്കു ശേഷം ചൊവ്വാഴ്ച യുവതിയുടെ വീടിന്റെ 200 മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിലാണ് കുഴിച്ചിട്ട നിലയിൽ മൃതദേഹം പോലീസ് കണ്ടെത്തിയത്.
പ്രതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മണ്ണ് ഇളകി കിടക്കുന്നതു കണ്ടു സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.
മൃതദേഹം ഇവിടെ കുഴിച്ചിട്ട ശേഷം ജെസിബി ഉപയോഗിച്ച് സ്ഥലം നിരപ്പാക്കിയിരുന്നു.സംശയം തോന്നിയ ജെസിബി ഡ്രൈവറാണ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ജെസിബി ഉപയോഗിച്ചാണ് പോലീസ് ഇവിടെ മണ്ണു നീക്കിയത്. മൃതദേഹത്തിന്റെ കാലിന്റെ ഭാഗമാണ് ആദ്യം കണ്ടത്.
രാത്രി ആയതിനാൽ തെരച്ചിൽ നിർത്തിവയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടു തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ സുബീറ ഫർഹത്തിനെ കൊലപ്പെടുത്തിയതു താനാണെന്നു പ്രതി പോലീസിനോട് സമ്മതിച്ചു.
ആഭരണങ്ങൾ കവർച്ച ചെയ്യാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പോലീസിനു മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പോലീസ് ഇതു പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
മാർബിൾ പണിക്കാരനായ അൻവർ തന്റെ ചില ബന്ധുക്കളുടെ ഏക്കർ കണക്കിനു വരുന്ന സ്ഥലങ്ങളുടെ നോക്കി നടത്തിപ്പുകാരൻ കൂടിയാണ്.
സുബീറ കൊല ചെയ്യപ്പെട്ട സ്ഥലവും ഇത്തരത്തിലുള്ള ഒരു ബന്ധുവിന്റേതാണ്. ചില ബന്ധങ്ങൾ വഴി സാമ്പത്തിക പ്രശ്നങ്ങൾ അൻവറിനുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഈ സാമ്പത്തിക ബാധ്യത തീർക്കാനുള്ള നീക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്.
കൊല്ലപ്പെട്ട സുബീറ വിവാഹ മോചിതയായതിനാൽ സ്വർണം അധികം അണിയാൻ സാധ്യത ഉണ്ടെന്ന നിഗമനത്തിലാണ് അൻവർ സുബീറയെ കൊലപ്പെടുത്തി ആഭരണം കവരാൻ തീരുമാനിച്ചത്. സുബീറ കൊല ചെയ്യപ്പെട്ട സ്ഥലത്ത് ചെങ്കൽ ക്വാറികളാണ്.
സംഭവ ദിവസം രാവിലെ 7.45 മുതൽ അൻവർ അവിടെയുള്ള മരം വെട്ടുകാരെ സഹായിച്ച് നിൽക്കുകയും പിന്നീട് സുബീറ വരുന്ന സമയം ആയതോടെ അവിടെ നിന്നു മുങ്ങുകയുമായിരുന്നു.
ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന സുബീറയെ റോഡിൽ നിന്നു ബലമായി പിടിച്ചു കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കഴുത്തിലണിഞ്ഞിരുന്ന സ്വർണ മാല കവർന്നതിനു ശേഷം അവിടെ തന്നെയുള്ള ഒരു കുഴിയിലേക്കു മൃതദേഹം തള്ളുകയായിരുന്നു.
പിന്നീട് മരം വെട്ടുകാർ പോയതിനു ശേഷം മൃതദേഹം ചാക്കിലാക്കി ചെങ്കൽ ക്വാറിയിൽ കൊണ്ടു വന്നിട്ട ശേഷം മണ്ണിട്ടു മൂടി.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അഴുകിയ മണം വന്നു തുടങ്ങിയതോടെ അൻവർ വീണ്ടും മണ്ണ് ചാക്കിനു മുകളിലായി കൊണ്ടു വന്നിടുകയും അതിനു ശേഷം എസ്കവേറ്റർ ഉപയോഗിച്ച് കൂടുതൽ മണ്ണ് ഈ ഭാഗത്തേക്ക് മാറ്റുകയുമായിരുന്നു.
കൊലപാതകത്തിനു ശേഷം സ്വർണാഭരണം വിൽപ്പന നടത്തുന്നതു പിടിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന ഭയത്തെ തുടർന്ന് അൻവർ ആ ഉദ്യമത്തിൽ നിന്നു പിൻവാങ്ങുകയും ആഭരണം ഒരു കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.
മൃതദേഹ അവശിഷ്ടങ്ങൾ പോലീസ് ശേഖരിച്ച് ഇൻക്വസ്റ്റ് തയാറാക്കി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി മാറ്റി.
ഇന്നു പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുക്കും. തുടർന്ന് ചോറ്റൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
സുബൈദയാണ് സുബീറ ഫർഹത്തിന്റെ അമ്മ. സഹോദരങ്ങൾ: നസീഹ, മുഹമ്മദ് അസ്ലം. തെളിവെടുപ്പിനായി പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചപ്പോൾ സമീപ പ്രദേശങ്ങളിൽ നിന്നായി നിരവധി പേരാണ് തടിച്ചു കൂടിയത്.