തിരുവനന്തപുരം: പുരാവസ്തു വില്പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരന് അടുത്ത ബന്ധമെന്ന് ആരോപണം.
മോന്‍സന്റെ ഡല്‍ഹിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലെ തടസങ്ങള്‍ നീക്കാന്‍ സുധാകരന് ഇടപെട്ടിരുന്നുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
സുധാകരൻ നിരവധി തവണ മോൻസന്റെ വീട്ടിൽ എത്തിയിരുന്നു. പത്ത് ദിവസം ഇയാളുടെ വീട്ടില്‍ സുധാകരന് താമസിച്ച് ചികിത്സ നടത്തിയിരുന്നു.
ഡെര്‍മറ്റോളജിസ്റ്റ് എന്ന പേരിലും മോന്സണ് തട്ടിപ്പ് നടത്തിയിട്ടുണ്ട്. പരാതിക്കാരൻ അനൂപ് 25 ലക്ഷം കൈമാറിയത് കെ സുധാകരന്റെ സാന്നിധ്യത്തിലാണെന്നും പറയപ്പെടുന്നു.
അതേസമയം, സുധാകരനും മോൻസൺ മാവുങ്കലും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, കേരള പോലീസിലെയും, രാഷ്ട്രീയ, സിനിമ മേഖലകളിലെയും നിരവധി പേരുമായും മോന്സണ് അടുപ്പം പുലര്‍ത്തിയിരുന്നതായാണ് തെളിവുകൾ പുറത്തുവരുന്നത്.
കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ കൂടാതെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം, മോഹൻലാൽ എന്നിവരുമായി മോൻസൺ നിൽക്കുന്ന ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
വിവിധ ഘട്ടങ്ങളിലായി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും മോന്‍സണിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നു എന്നാണ് വിവരം. മുന്‍ ഡിഐജി എസ് സുരേന്ദ്രന് മോന്സന് അടുത്ത ബന്ധം ഉണ്ടെന്നു ആക്ഷേപമുണ്ട്. മോന്‍സനായി ഐജി ലക്ഷമണ ഇടപെട്ടതിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്.