സപ്ലൈകോ ഓണക്കിറ്റിലെ ശര്‍ക്കരയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലങ്ങളിലേക്ക്. ഓണക്കിറ്റിലെ ശര്‍ക്കര വ്യാജവാറ്റിന് ഉപയോഗിക്കുന്ന ശര്‍ക്കരയാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ചെന്നൈ ആസ്ഥാനമായ കമ്പനിയും ഈറോഡ് ആസ്ഥാനമായ മറ്റൊരു കമ്പനിയുമാണ് നിലവാരം തീരെക്കുറഞ്ഞ ഈ ശര്‍ക്കര ഓണക്കിറ്റിലേക്ക് നല്‍കിയത്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊക്കെ വ്യാജവാറ്റിനായി ഉപയോഗിക്കുന്ന ശര്‍ക്കരയാണ് ഇത്.
ഉപയോഗ ശൂന്യമായ പഞ്ചസാര പാവ് കാച്ചി മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് കപ്പുകളിലും മറ്റും നിറച്ചാണ് ഇത്തരത്തിലുള്ള ശര്‍ക്കര ഉല്പാദിപ്പിക്കുന്നത്.
അതേസമയം ഓണക്കിറ്റില്‍ നിന്ന് ശര്‍ക്കരയും പപ്പടവും ഒഴിവാക്കണമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. എന്നാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദമാണ് ഇവ രണ്ടും കിറ്റില്‍ ഉള്‍പ്പെടുത്താന്‍ കാരണം. കോടികളുടെ അഴിമതിയായിരുന്നു സമ്മര്‍ദ്ദത്തിനു പിന്നില്‍.
തൂക്കം വെട്ടിപ്പിലൂടെ മാത്രം തട്ടാനിരുന്നത് രണ്ടു കോടി 61 ലക്ഷം രൂപയായിരുന്നു. ഇതിനു പുറമേയാണ് ഗുണനിലവാരം തൊട്ടുതീണ്ടിയിട്ടിലാത്ത ശര്‍ക്കര വിതരണം ചെയ്തതും.
വ്യാജവാറ്റിനു പുറമേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കന്നുകാലികള്‍ക്ക് തീറ്റയായും ഈ ശര്‍ക്കരയാണ് കൊടുത്തിരുന്നത്. ശര്‍ക്കര വിതരണത്തിലൂടെ 17 കോടി 74 ലക്ഷം രൂപയാണ് സംഘം തട്ടാന്‍ ലക്ഷ്യമിട്ടിരുന്നത്.
തമിഴ്നാട്ടില്‍ നിന്നുള്ള അപ്പളം കേരള പപ്പടം എന്ന ലേബലിലാണ് എത്തിച്ചത്. ഈ വകയില്‍ മൂന്നരക്കോടിയുടെ തട്ടിപ്പു നടന്നതായാണ് വിവരം. സര്‍ക്കാരിലെ പ്രമുഖ ഘടകകക്ഷിയുടെ പാലക്കാടുള്ള നേതാവാണ് ശര്‍ക്കര അഴിമതിയ്ക്ക് ചുക്കാന്‍ പിടിച്ചതെന്നാണ് സൂചന.