കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പൽ സുനില്‍ ഭാസ്കറിനെ മര്‍ദ്ദിച്ച സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെന്ഷന് പിന്‍വലിച്ചു. തേജു സുനില്‍ എം. കെ, തേജു ലക്ഷ്മി ടി. കെ, അമല്‍ രാജ് ആര്. പി, അഭിഷേക് .എസ്. സന്തോഷ് എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. ജൂലൈ ഒന്നിനാണ് നടപടിക്കാസ്പദമായ സംഭവം നടന്നത്.
കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പെടെ അന്വേഷണ കമ്മീഷന് പരിശോധിച്ചു. അന്വേഷണ കമ്മീഷന് മുമ്പാകെ നല്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ പ്രവർത്തകരുടെ സസ്പെന്ഷന് പിന്‍വലിച്ചത്. കോളജില്‍ എസ്എഫ്ഐ ഹെല്പ് ഡസ്ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്യുന്നതിലേക്കും സംഘര്‍ഷത്തിലേക്കും മാറുകയായിരുന്നു.
കോളജിനു പുറത്തു നിന്നു പോലും പ്രവർക്കകരെത്തി തന്നെ മർദിച്ചു എന്നാണ് സുനിൽ ഭാസ്കറിന്റെ ആരോപണം. കണ്ടാലറിയാവുന്ന 20 ഓളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേയും കൊയിലാണ്ടി പോലീസ് കേസ് എടുത്തിട്ടുണ്ട്.