ചങ്ങനാശേരി: പന്തുകളിക്കിടയിലെ വീഴ്ചയിൽ ശരീരം തളർന്നു വാഴപ്പള്ളി പടിഞ്ഞാറ് ഉപ്പുകുന്നേൽ കാട്ടുപറന്പിൽ സ്വാമിരാജ് കിടപ്പിലായിട്ട് 20 വർഷം.
മനസു തളരാതെ സ്വാമിരാജ് ഇപ്പോൾ ചിത്രരചനയുടെ തിരക്കിലാണ്. പതിനഞ്ചാമത്തെ വയസിൽ സുഹൃത്തുക്കളുമായി നഗരസഭാ മൈതാനത്ത് കളിക്കുന്പോൾ സംഭവിച്ച അപ്രതീക്ഷമായ വീഴ്ചയാണ് സ്വാമിരാജിന്റെ ജീവിതം ദുരിതത്തിലാക്കിയത്. കഴുത്തിന്റെ ഭാഗം കൽക്കെട്ടിൽ ഇടിച്ചാണ് അപകടമുണ്ടായത്.
സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും വിദഗ്ധരായ ഡോക്ടർമാരുടെ പരിചരണത്തിലും ചികിത്സയിലും സംസാരശേഷി ലഭിച്ചുവെങ്കിലും ശരീരം പൂർണമായും തളർന്നു.
പിതാവിന്റെ അപ്രതീക്ഷിത മരണം സ്വാമിരാജിന്റെ കുടുംബത്തെ കൂടുതൽ തളർത്തി. മൂത്ത സഹോദരൻ നടത്തി വന്ന സ്ഥാപനം നഷ്ടത്തിലായി കടബാധ്യതമൂലം അദ്ദേഹം നാടുവിട്ടുപോയിട്ട് 10 വർഷം കഴിഞ്ഞു.
മറ്റൊരു സഹോദരൻ സ്വാമിരാജിനെ പരിചരിക്കേണ്ടതിനാൽ വിവാഹം പോലും വേണ്ടെന്നുവച്ച് സദാസമയം കൂടെയുണ്ട്.
പാലിയേറ്റീവ് പ്രവർത്തകരുടെ സേവനം ആഴ്ചയിലൊരിക്കൽ ലഭിക്കുന്നു. അമ്മ അമ്മിണിയും എപ്പോഴും അരികത്തുണ്ട്. കൂടാതെ സുമനസുകളുടെ സഹായവും ലഭിക്കുന്നുണ്ട്.
ഡോക്ടർമാരും വിവിധ സംഘടനകളും വീട്ടിലെത്തി സ്വാമിരാജിന് ധൈര്യം പകരുന്നു. സുകൃതം റീഹാബിലിറ്റേഷൻ സെന്ററിൽനിന്നു ലഭിക്കുന്ന ഫിസിയോ തെറാപ്പിയിൽ കൈവിരൽ തുന്പുകൾക്കു ചലന ശേഷി ലഭിച്ചു.
ഇരുപത് വർഷങ്ങൾക്കിപ്പുറം കൈവിരലുകൾക്ക് അല്പം ചലനശേഷി കിട്ടിയപ്പോൾ കിടക്കയിൽ കിടന്നു ചിത്രകലയുടെ മായാലോകത്തേക്കു കടന്നിരിക്കുകയാണ് സ്വാമിരാജ് എന്ന ചെറുപ്പക്കാരൻ.
അമ്മയും സഹോദരങ്ങളും സുഹൃത്തുക്കളും ചേർന്ന് പടംവരയ്ക്കാൻ ആവശ്യമായ സഹായങ്ങൾ നൽകി വരുന്നു. പ്രകൃതിഭംഗിയും പക്ഷികളും ദൈവങ്ങളും ജലാശയങ്ങളും ഇഷ്ടതാരങ്ങളുമെല്ലാം സ്വാമിരാജിന്റെ കാൻവാസിൽ പതിഞ്ഞുകഴിഞ്ഞു.
മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ കടുത്ത ആരാധകനായ സ്വാമിരാജ് ഇവരെ നേരിൽ കാണാനുള്ള ആഗ്രഹത്തിൽ കഴിയുകയാണ്. എയർബെഡിൽ കിടന്നാണ് ചിത്രരചന. മകൻ എന്നെങ്കിലും എഴുന്നേൽക്കും എന്ന വിശ്വാസത്തിലും പ്രാർഥനയിലുമാണ് അമ്മ അമ്മിണി.