കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ശിവശങ്കരന്റെ കൈയിൽനിന്നു കടംവാങ്ങിയ പണം സ്വപ്ന തിരികെ നൽകിയില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇൗ പണം ശിവശങ്കരൻ തിരികെ ചോദിച്ചിട്ടുമില്ല.
പല മാര്‍ഗങ്ങളിലുടെ പണം കിട്ടുന്നുണ്ടെന്ന സ്വപ്നയുടെ വാദം ശരിയെങ്കില്‍ എന്തിനു കടം വാങ്ങണമെന്നും എന്‍ഫോഴ്സ്മെന്റ് ചോദിച്ചു. ജാമ്യ ഹര്‍ജിയിലെ വാദത്തിനിടെയാണ് ഇഡി ഇക്കാര്യം ചോദിച്ചത്.
കുറ്റകൃത്യങ്ങളില്‍ തന്റെ പങ്കു വെളിപ്പെടുത്തുന്ന ഒരു തെളിവും ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണു സ്വപ്നയുടെ അഭിഭാഷകന് വാദിച്ചത്.
ലോക്കറില്‍നിന്നു കണ്ടെടുത്ത ഒരുകോടി രൂപ ലൈഫ് മിഷന് പദ്ധതിയില്‍ യൂണിടാക് നല്കിയ കമ്മീഷനാണെന്നും കരാര്‍ അടിസ്ഥാനത്തിലുള്ള സേവനങ്ങള്‍ക്കായി യുഎഇ കോണ്‍സുലേറ്റ് വഴി വേറെയും പണം ലഭിച്ചിട്ടുണ്ടെന്നും സ്വപ്ന വ്യക്തമാക്കിയപ്പോള്‍ ലോക്കറിലുണ്ടായിരുന്ന 620 പവന് സ്വര്‍ണം 20 കൊല്ലം മുമ്പ് തന്റെ വിവാഹ സമയത്തു പിതാവ് സമ്മാനിച്ചതെന്നായിരുന്നു വാദം.
എന്നാൽ, ഈ വാദം പൊളിക്കാൻ ഇഡി മുൻകൂട്ടി തയാറെടുപ്പ് നടത്തിയിരുന്നു. സ്വപ്നയുടെ ലോക്കറില്‍നിന്നു കണ്ടെത്തിയ ആഭരണങ്ങളുടെ നിര്മാണരീതിവരെ ഇതിനായി ഇഡി പരിശോധിച്ചു. സ്വര്‍ണം പഴയതാണോയെന്നു തിരിച്ചറിയുന്നതിനായിരുന്നു പരിശോധന.
ലോക്കറില്‍നിന്നു കണ്ടെടുത്തവയില്‍ പുതിയ മോഡല്‍ ആഭരണങ്ങളുമുണ്ടെന്ന് ഇഡി കോടതിയിൽ അറിയിക്കുകയായിരുന്നു. എന്നാൽ, ഇതോടെ സഹോദരന്റെ കല്യാണത്തിനും മകൾക്കുമായി കുറച്ച് ആഭരണങ്ങൾ മാറി വാങ്ങിയെന്ന വാദം സ്വപ്നയുടെ അഭിഭാഷകർ മുന്നോട്ടുവച്ചു.
അതിനിടെ, കേസില്‍ നിര്‍ണായക തെളിവുകളടങ്ങിയ കേസ് ഡയറി ഉടന്‍തന്നെ ഇഡി കോടതിയില്‍ ഹാജരാക്കിയേക്കും. പ്രതികള്‍ക്കു കുറ്റകൃത്യത്തിലുള്ള പങ്ക് സംബന്ധിച്ചു കേസ് ഡയറിയില്‍ തെളിവുകള്‍ ഉണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകന് വാദിച്ചു. തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഇഡിക്കു നിര്‍ദേശം നല്‍കുകയായിരുന്നു.