കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നിർണായക വഴിത്തിരിവ്. നാലാംപ്രതിയും ഗൂഢാലോചനയിലെ മുഖ്യകണ്ണിയുമായ സന്ദീപ് നായര്‍ രഹസ്യമൊഴി നല്കാന് ഒരുക്കമാണെന്ന് എന്‍ഐഎകോടതിയിൽ അറിയിച്ചു. സ്വര്‍ണക്കടത്തിന്റെ മുഴുവന്‍ രഹസ്യങ്ങളും പങ്കാളികളെക്കുറിച്ചുള്ള വിവരങ്ങളും അറിയാവുന്നയാളാണു സന്ദീപ് നായർ.
റിമാൻഡ് കാലാവധി നീട്ടുന്നതിനു വീഡിയോ കോണ്‍ഫറന്‍സ് വഴി എന്‍ഐഎ കോടതിയിൽ ഹാജരാക്കിയ വേളയിലാണ് രഹസ്യമൊഴി നല്കാന് തയാറാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷക മുഖേനെ സന്ദീപ് ഹർജി സമര്‍പ്പിച്ചത്.
കേസില്‍ തനിക്കറിയാവുന്ന എല്ലാ വിവരങ്ങളും സ്വമേധയാ വെളിപ്പെടുത്താന്‍ തയാറാണെന്നു ഹർജിയില്‍ പറയുന്നു. ക്രിമിനല്‍ നടപടി നിയമം 164-ാം വകുപ്പു പ്രകാരമാണു മൊഴി നല്‍കുക. കോടതി ഇതിന് അനുമതിയും നല്കി.
കുറ്റസമ്മതം നടത്തുന്നതുകൊണ്ടു മാപ്പുസാക്ഷിയാക്കുമെന്നോ കേസില്‍നിന്ന് ഒഴിവാക്കുമെന്നോ പ്രതീക്ഷിക്കരുതെന്നു കോടതി സന്ദീപിനോടു പറഞ്ഞു. ഇത്തരത്തിലുള്ള മൊഴി പ്രതിക്കെതിരെ ഉപയോഗിക്കാന്‍ സാധ്യതയുള്ളതാണെന്നും സമ്മതമാണെന്നും സന്ദീപ് പറഞ്ഞു.
എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് തുടര്‍നടപടി സ്വീകരിക്കേണ്ടത്. പ്രതി രഹസ്യമൊഴിയിൽ പറയുന്ന കാര്യങ്ങളില്‍ തെളിവുണ്ടോയെന്നു കോടതിയും അന്വേഷണ ഏജൻസികളും പരിശോധിക്കും.
സ്വര്‍ണക്കടത്ത് പുറത്തു വന്നയുടൻ സ്വപ്ന സുരേഷിനൊപ്പം ബംഗളൂരുവിലേക്കു സന്ദീപ് മുങ്ങിയിരുന്നു. ഇതിനു സഹായിച്ച വ്യക്തികളെക്കുറിച്ചുള്ള വിവരം സ്വപ്ന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രഹസ്യമൊഴിയിൽ സന്ദീപ് ഇതെല്ലാം വെളിപ്പെടുത്തിയേക്കും.
ചെക്ക് പോസ്റ്റുകളില്‍ പോലും പരിശോധനയില്ലാതെ കേരളം കടന്നതെങ്ങനെ? ബംഗളൂരുവില്‍ ആരാണ് സഹായിച്ചത്? കടത്തിയ സ്വര്‍ണം എങ്ങോട്ടു പോയി? രാഷ്ട്രീയ നേതാക്കള്‍ക്കും മക്കള്‍ക്കുമുള്ള പങ്ക് എത്രമാത്രം? തുടങ്ങിയ ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചേക്കും.
സ്വപ്നയ്ക്കു മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. ദേശവിരുദ്ധവും തീവ്രവാദസ്വഭാവമുള്ളതുമാണു സ്വര്‍ണക്കടത്തു കേസെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുമുണ്ട്.
സന്ദീപിന്റെ വെളിപ്പെടുത്തലുകൾ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതിലേക്കും അറസ്റ്റുകൾക്കും വഴിവയ്ക്കാം. വടക്കഞ്ചേരി ലൈഫ്മിഷന് പദ്ധതിയുടെ അന്വേഷണത്തിലും വഴിത്തിരിവുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.