ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ശനിയാഴ്ച നടത്താനിരിക്കെ ബിജെപി എംപിമാരുടെ യോഗം ഇന്നു ഡൽഹിയിൽ ചേരും. വൈകീട്ട് ബിജെപി ആസ്ഥാനത്താണ് യോഗം ചേരുക. മുഴുവൻ എൻഡിഎ എംപിമാരുടെയും യോഗം നാളെ വിളിച്ചിട്ടുണ്ട്.
പാർലമെന്റിലെ സെൻട്രൽ ഹാളിൽ ചേരുന്ന എൻഡിഎ എംപിമാരുടെ യോഗത്തിൽ മോദിയെ പാർലമെന്റിലെ നേതാവായി തെരഞ്ഞെടുക്കും. ഇന്നലെ ചേർന്ന എൻഡിഎ യോഗം മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചിരുന്നു. സത്യപ്രതിജ്ഞ നടക്കുന്ന ദിവസംതന്നെ പുതിയ കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞയും നടത്താനാണു നീക്കം.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രധാന സഖ്യകക്ഷികളായ ടിഡിപിയുമായും ജെഡിയുവുമായും ബിജെപി നേതാക്കൾ ചർച്ച തുടങ്ങിയിട്ടുണ്ട്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ശിവസേനയടക്കമുള്ള പാർട്ടികളും സർക്കാർ രൂപീകരണത്തിന് പിന്തുണക്കത്ത് നൽകി. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെഡിയുവും ടിഡിപിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.
എൻഡിഎയുടെ ഭാഗമായ ടിഡിപിയും ജെഡിയുവും 28 എംപിമാരുള്ളതിനാൽ എൻഡിഎയിൽ ഇവരുടെ നിലപാട് നിർണായകമാണ്. ആരോഗ്യ വകുപ്പ്, ഗ്രാമവികസനം, ഗതാഗത വകുപ്പുകൾ എന്നിവ കൂടാതെ സ്പീക്കർ സ്ഥാനവും ടിഡിപി തേടുമെന്നു റിപ്പോർട്ടുണ്ട്. കൃഷി, ജലശക്തി, ഐടി, ധനകാര്യ സഹമന്ത്രി എന്നിവയും ടിഡിപിക്ക് നോട്ടമുണ്ടെന്നു വൃത്തങ്ങൾ അറിയിച്ചു. 5-6 വകുപ്പുകൾക്കാണ് ടിഡിപി ശ്രമിക്കുന്നത്.
രാഷ്ട്രതലവന്മാരെ ക്ഷണിച്ച് മോദി
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയൽരാജ്യങ്ങളിലെ രാഷ്ട്രതലവന്മാരെ ക്ഷണിച്ചിട്ടുണ്ട്. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗയെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെയും മോദി ക്ഷണിച്ചവരിൽപ്പെടുന്നു. ഭൂട്ടാൻ രാജാവുമായും നേപ്പാൾ – മൗറീഷ്യസ് പ്രധാനമന്ത്രിമാരുമായും മോദി ഫോണിൽ സംസാരിച്ചു.
എന്നാൽ ഇവരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചോ എന്ന് വ്യക്തമല്ല. 2014ൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും മാലദ്വീപ് പ്രസിഡന്റും അടക്കം എല്ലാ സാര്ക് രാഷ്ട്ര തലവന്മാരും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.
2019ൽ അയൽ രാജ്യങ്ങളിൽ നിന്നടക്കം എട്ടു രാഷ്ട്രതലവന്മാർ പങ്കെടുത്തു. റഷ്യൻ പ്രസിഡന്റെ വ്ലാദിമിർ പുടിൻ, യുകെ പ്രധാനമന്ത്രി റിഷി സുനക് എന്നിവർ ടെലിഫോണിൽ മോദിയെ അഭിനന്ദിച്ചു.