ഏറ്റുമാനൂർ: ഓട്ടത്തിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ മുൻ ചക്രം വളവിൽ ഊരിത്തെറിച്ചു. ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി.
എംസി റോഡിൽ പാറോലിക്കൽ ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. കോട്ടയത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ സ്വിഫ്റ്റ് ബസിന്റെ വലതുഭാഗത്തെ മുൻ ചക്രമാണ് ജംഗ്ഷനു സമീപത്തെ വളവിൽ വച്ച് ഊരിത്തെറിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ നടത്തിയ ശ്രമം വിജയിച്ചതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.
ബസിലെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. കോട്ടയം ഡിപ്പോയിൽനിന്നു ജീവനക്കാരെത്തി ബസിന്റെ തകരാർ പരിഹരിച്ചു.