അഫ്ഗാനിസ്ഥാനില്‍ വീടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 3000 ലിറ്റര്‍ മദ്യം താലിബാന് പിടിച്ചെടുത്തു നശിപ്പിച്ചു
താലിബാന്റെ രഹസ്യാന്വേഷണ വിഭാഗമാണ് മദ്യം കണ്ടെത്തി നശിപ്പിച്ചത്. കാബൂളില്‍ നടത്തിയ റെയ്ഡിലാണ് മദ്യശേഖരം കണ്ടെത്തിയത്.
ബാരലുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം താലിബാന് ഉദ്യോഗസ്ഥര്‍ കനാലിലേക്ക് ഒഴിച്ചു കളയുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
ഇന്റലിജന്റ്സ് വിഭാഗമാണ് ട്വിറ്ററില്‍ ഇതിന്റെ വിഡിയോ പങ്കുവച്ചത്. ഇസ്ലാം മതസ്ഥര്‍ മദ്യം ഉണ്ടാക്കുവാനോ വില്ക്കുവാനോ പാടില്ലെന്നും പിടിക്കപ്പെട്ടാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും താലിബാന് നേരത്തേ വ്യക്തമാക്കിയിരുന്നു.
കാബൂളില്‍ മദ്യം സൂക്ഷിച്ച സംഭവത്തില്‍ മൂന്നു പേര് ഇതിനകം അറസ്റ്റിലായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മദ്യം വില്‍ക്കുന്നതിനും, ഉപയോഗിക്കുന്നതിനും കര്‍സായ് സര്‍ക്കാരും വിലക്കേര്‍പ്പെടുത്തിയിരുന്നു.