വന്പൻ ഹിറ്റായി മാറിയ സിനിമയാണ് അല്ലു അർജുൻ നായകനായെത്തിയ പുഷ്പ. 2021 ൽ റിലീസ് ചെയ്ത പുഷ്പയിൽ അല്ലു അർജുനു പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ.
ആക്ഷൻ സിനിമയുടെ മാറ്റ് കൂട്ടാൻ നടി സാമന്തയുടെ ഡാൻസ് നമ്പറും പുഷ്പയിൽ ഉണ്ടായിരുന്നു. സിനിമയേക്കാൾ ശ്രദ്ധ പിടിച്ചു പറ്റിയത് ഊ അണ്ടാവാ… എന്ന ഈ ഗാനം തന്നെയായിരുന്നു.
വിവാഹമോചനത്തിനുശേക്ഷം ഐറ്റം നന്പർ ഗാനരംഗത്ത് സാമന്ത അതീവ ഗ്ലാമറസായെത്തി പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു.
ഈ ഡാൻസ് നമ്പറിന് കിട്ടിയ ഹൈപ്പ് മൂലം താൻ ഇതുവരെ ചെയ്ത സിനിമകൾ എല്ലാവരും മറന്ന് പോയെന്ന് സാമന്ത തന്നെ പിന്നീടു പറഞ്ഞിരുന്നു.
നാല് മിനിറ്റോളമുള്ള ഗാനരംഗം അത്രമാത്രം ആഘോഷിക്കപ്പെട്ടിരുന്നു. അഞ്ച് കോടി രൂപയാണ് സാമന്ത ഈ ഗാനരംഗത്ത് അഭിനയിച്ചതിനു പ്രതിഫലമായി വാങ്ങിയത്.
പുഷ്പയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഒന്നാം ഭാഗത്തിന് ലഭിച്ച സ്വീകാര്യത മൂലം രണ്ടാം ഭാഗം അതിലും മികച്ചതാക്കാനുള്ള ശ്രമത്തിലാണ് നിർമാതാക്കൾ.
ഊ അണ്ടാവായ്ക്ക് പകരം മറ്റൊരു ഡാൻസ് നമ്പറും സിനിമയിൽ ഉണ്ടാവും. എന്നാൽ സാമന്ത അല്ല ഈ ഡാൻസ് നമ്പറിൽ എത്തുന്നത്. നേരത്തെ പല പേരുകളും ഇതിനായി പറഞ്ഞു കേട്ടിരുന്നു.
മലൈക അറോറ, നോറ ഫത്തേഹി, കൃതി സനോൻ തുടങ്ങിയ നടിമാരുടെ പേരുകളായിരുന്നു ആദ്യം ഉയർന്ന് വന്നത്.
എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം നടി തമന്ന ഭാട്ടിയ ആണ് പുഷ്പ 2 വിൽ ഡാൻസ് നമ്പറുമായി എത്തുന്നതെന്നാണ് വിവരം.
എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തു വന്നിട്ടില്ല. തമന്ന ഗാനരംഗത്തിലേക്കെത്തിക്കാൻ പുഷ്പയുടെ സംവിധായകൻ സുകുമാർ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നാണ് വിവരം.
ഈ ഗാനരംഗത്തിലൂടെ സാമന്തയുണ്ടാക്കിയ അലയൊലികൾ തമന്നയ്ക്ക് ആവർത്തിക്കാൻ കഴിയുമെന്നാണ് പുഷ്പയുടെ നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.
സാമന്തയുടെ ആദ്യ ഐറ്റം ഡാൻസ് ആയിരുന്നു പുഷ്പയിലേത്. തമന്ന നേരത്തെ നിരവധി സിനിമകളിൽ ഡാൻസ് നമ്പർ ചെയ്തിട്ടുണ്ട്.
മികച്ച ഡാൻസർ കൂടിയായ തമന്ന പുഷ്പ 2 വിലെത്തിയാൽ പൊളിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.