വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാമെന്ന വ്യാജ ജോലി വാഗ്ദാനങ്ങള്‍ ഉടായിപ്പാണെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ തട്ടിപ്പിനിരയായവരുടെ പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ടാസ്ക് പൂർത്തിയാക്കിയാൽ പണം
മൊബൈല്‍ ഫോണിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തില്‍ ചെറിയ ടാസ്ക് നല്‍കും. അത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കുമെന്ന വാഗ്ദാനം ചെയ്യും. എന്നാൽല് ടാസ്ക് പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെടും. തട്ടിപ്പാണെന്ന് മനസിലാകാതെ പലരും തുടര്‍ന്നും പണം നല്‍കും. ടാസ്ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ വലിയൊരു തുക തട്ടിപ്പുകാര്‍ ഇത്തരത്തില്‍ കൈക്കലാക്കിയിരിക്കും.
1930 ല്‍ പരാതിപ്പെടാം
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ പോലീസില്‍ വിവരം അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
സ്വന്തം ലേഖിക