മകൾ സിഎ പരീക്ഷ പാസായ വിവരം അറിയുന്ന ഒരു ചായക്കടക്കാരനായ അച്ഛന്റെ ആഹ്ലാദ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ലിങ്ക്ഡ്ഇനിൽ അമിത പ്രജാപതി തന്റെ 10 വർഷത്തെ കഠിനാധ്വാന യാത്ര, പരീക്ഷാ ഫലം അവളുടെ പിതാവിനോട് വെളിപ്പെടുത്തുന്ന ഹൃദയസ്പർശിയായ വീഡിയോയ്ക്കൊപ്പം പങ്കിട്ടു.
താൻ ഒരു ചേരിയിലാണ് ജീവിക്കുന്നതെന്നും, തന്റെ വിജയത്തിന് പിന്നിൽ തന്റെ പിതാവിന്റെ അചഞ്ചലമായ പിന്തുണയും വിശ്വാസവും ഉണ്ടെന്നും ഇത് നിർണായകമായതെങ്ങനെയെന്നും അമിത പോസ്റ്റിൽ കുറിച്ചു.
‘ഇതിന് 10 വർഷമെടുത്തു. എല്ലാ ദിവസവും എന്റെ കണ്ണുകളിൽ സ്വപ്നങ്ങളുമായി, ഇത് ഒരു സ്വപ്നം മാത്രമാണോ അതോ എപ്പോഴെങ്കിലും യാഥാർഥ്യമാകുമോ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കും. 2024 ജൂലൈ 11, ഇന്ന് അത് യാഥാർഥ്യമായി. അതെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു’ അവൾ പങ്കുവെച്ചു.
ശരാശരിക്ക് താഴെയുള്ള വിദ്യാർഥിയായതിനാൽ തന്റെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാനുള്ള പിതാവിന്റെ തീരുമാനത്തെ ആളുകൾ ചോദ്യം ചെയ്ത സംഭവത്തെ കുറിച്ചും കുറിപ്പിൽ അവൾ വിവരിച്ചു. അവളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കുന്നതിന് പകരം ഒരു വീട് പണിയാൻ അവർ പിതാവിനോട് നിർദേശിച്ചിരുന്നതായും അമിത വ്യക്തമാക്കി. ചായ വിറ്റ് അവളെ പഠിപ്പിക്കാൻ തനിക്ക് കഴിയില്ലെന്നും അവർ പറഞ്ഞു.
‘പ്രായപൂർത്തിയായ പെൺമക്കളുമായി നിങ്ങൾ എത്രകാലം തെരുവിൽ ജീവിക്കും? എന്തായാലും, ഒരു ദിവസം അവർ മറ്റൊരാളുടെ കൂടെ പോകും, നിങ്ങൾക്ക് ഒന്നും ശേഷിക്കില്ല. അതെ, തീർച്ചയായും ഞാൻ ഒരു ചേരിയിലാണ് താമസിക്കുന്നത് (വളരെ കുറച്ച് ആളുകൾക്ക് ഇത് അറിയാം), എന്നാൽ ഇപ്പോൾ എനിക്ക് ലജ്ജയില്ല’ അവൾ കൂട്ടിച്ചേർത്തു.
ആളുകൾ തന്റെ കുടുംബത്തെ “ചേരി നിവാസികൾ, ഭ്രാന്തൻ മനസ്സുള്ളവർ” എന്ന് വിളിക്കാറുണ്ടെന്ന് അമിത പരാമർശിച്ചു. അത് സമ്മതിച്ച് അവൾ എഴുതി, ‘ശരിയാണ്, എൻ്റെ മനസ്സിന് ഭ്രാന്തായിരുന്നില്ലെങ്കിൽ ഞാൻ ഇന്ന് ഇവിടെ എത്തില്ലായിരുന്നു. ഇപ്പോൾ എന്റെ പിതാവിന് ഒരു വീട് പണിത് നൽകാൻ എനിക്ക് കഴിവുണ്ട്’.
വൈറൽ വീഡിയോയിൽ അമിതയും അവളുടെ അച്ഛനും അവളുടെ സിഎ പരീക്ഷ വിജയത്തിന് ശേഷം പരസ്പരം കെട്ടിപ്പിടിക്കുന്നത് കാണിക്കുന്നു. അവൾ ആ നിമിഷത്തെ “സമാധാനം” എന്ന് വിശേഷിപ്പിച്ചു.
‘ഞാൻ ഈ നിമിഷത്തിനായി വളരെക്കാലം കാത്തിരുന്നു, ഈ സ്വപ്നം തുറന്ന കണ്ണുകളോടെ സങ്കൽപ്പിച്ചു, ഇന്ന് അത് യാഥാർഥ്യത്തിൽ പകർത്തപ്പെട്ടു’. ഇന്ന് ഞാൻ എന്തായിരുന്നാലും എന്റെ പപ്പയും മമ്മിയും കാരണമാണെന്നും അമിത പറഞ്ഞു.
ഹൃദയസ്പർശിയായ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.’അർപ്പണബോധവും ആത്മവിശ്വാസവുമാണ് അത് സാധ്യമാക്കിയത്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നിങ്ങൾക്കൊപ്പം നിന്നതിന് നിങ്ങളുടെ മാതാപിതാക്കൾക്ക്’ അഭിനന്ദനങ്ങൾ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ഒരാൾ കമന്റിട്ടത്.