കുന്നംകുളം: കിണർ നിർമാണം പൂർത്തികരിക്കുന്നതിന് സഹായം നൽകി ചാലിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഗീതാ ജോസഫ് മാതൃകയായി.
സ്കൂളിലെ വിദ്യാർഥികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള കിണർ നിർമാണത്തിന് ഒരു ലക്ഷം രൂപയാണ് ടീച്ചർ നല്കിയത്.
പ്ലസ് ടു ക്യാന്പസിൽ നിലവിൽ ഒന്പതുവർഷം മുന്പ് സ്ഥാപിച്ച കുഴൽ കിണറാണ് വിദ്യാർഥികളുടെ ഏക ആശ്രയം. ടീച്ചറുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു ഒരു പൊതുകിണർ വേണമെന്നത് .
കഴിഞ്ഞ മാസാദ്യം പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിണർ നിർമാണം തുടങ്ങി ഏഴു കോലിൽ വെള്ളം കണ്ടെങ്കിലും ഒരു ഭാഗം പാറയായി. നാല് കോൽ പാറ പൊട്ടിച്ചതോടെ പഞ്ചായത്തനുവദിച്ച ഫണ്ട് അവസാനിച്ചു.
വെള്ളം ലഭിക്കുവാൻ കൂടുതൽ ആഴം കൂട്ടുവാൻ പ്രിൻസിപ്പാളും പിടിഎ യും തിരുമാനിച്ചു. ജലസമൃദ്ധിക്കായി കിണർ ഇനിയും ഏറെ താഴ്ത്തണമെങ്കിൽ പണത്തിന്റെ കുറവ് വന്നു.
ഇപ്പോൾ തുകയുടെ കുറവുമൂലം വരും തലമുറയിലെ സ്കൂൾ വിദ്യാർഥികൾക്ക് കുടിവെള്ളം ലഭിക്കാതെ ഇരിക്കരുതെന്ന ഉറച്ച തീരുമാനത്തിലായിരുന്ന പ്രിൻസിപ്പൽ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ജലസ്രോതസിനായി ടീച്ചറുടെ സഹായം ഫണ്ട് ടീച്ചർ മേൽനോട്ട സമിതിക്ക് കൈമാറി .