തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയ്ക്കെതിരേ ശക്തമായി പ്രതികരിച്ച് ബോളിവുഡ് നടി തബു. ചില പ്രസിദ്ധീകരണങ്ങളിലും സോഷ്യല്‍ മീഡിയ പേജുകളിലും വിവാഹം വേണ്ട, കിടക്കയിൽ ഒരു പുരുഷനെ മാത്രം മതിയെന്നു നടി പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് തബു തന്റെ ടീം മുഖേന ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഭിമുഖങ്ങളിലോ പൊതുവേദികളിലോ താൻ ഒരിക്കലും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും നടി തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇത്തരം അസംബന്ധം നിര്‍ത്തണം! തബുവിന്റേതെന്ന രീതിയില്‍ ചില മാന്യമല്ലാത്ത പ്രസ്താവനകൾ നിരവധി വെബ്സൈറ്റുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും കാണപ്പെടുന്നുണ്ട്. അവൾ ഒരിക്കലും ഇത്തരത്തില്‍ പരാമർശം നടത്തിയിട്ടില്ല. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ധാർമികതയുടെ ഗുരുതരമായ ലംഘനമാണ് ഇത്. ഈ വെബ്സൈറ്റുകൾ നടിയുടെ പേരിലുള്ള കെട്ടിച്ചമച്ച ഈ വാര്‍ത്തകള്‍ ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരും- തബുവിന്റെ മാനേജ്മെന്റ് ടീം വ്യക്തമാക്കി.
അക്ഷയ് കുമാറിനൊപ്പമുള്ള ഭൂത് ബംഗ്ലയുടെ ഷൂട്ടിംഗ് തിരക്കിലാണ് തബു ഇപ്പോള്‍. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പരേഷ് റാവലും ചിത്രത്തിലുണ്ട്. 25 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാറും തബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഹേരാ ഫേരിയിലാണ് അവസാനം ഒരുമിച്ച് പ്രവർത്തിച്ചത്.