ന്യൂഡല്‍ഹി: പുതുതായി പണികഴിപ്പിച്ച പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ് ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധവും പൊറുക്കാനാവാത്ത തെറ്റുമാണെന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
ഭരണഘടനയുടെ 60, 111 അനുച്ഛേദങ്ങള്‍ അനുസരിച്ച് രാഷ്ട്രപതിയാണ് പാര്‍ലമെന്റിന്റെ തലവനെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ഭൂമിപൂജ ചടങ്ങും നിര്‍മാണോദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിയെ നിര്‍വഹിച്ചതു വിചിത്രമായ നടപടിയാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഹിന്ദുത്വ സൈദ്ധാന്തികനായ വി.ഡി. സവര്‍ക്കറുടെ ജന്മദിനമായ മേയ് 28നാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. 2020 ഡിസംബറിലാണ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്.