പാലാ: ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞു തട്ടിപ്പ് നടത്തിയ സംഭവത്തിൽ പിടിയിലായ മുൻ പോലീസുകാരനെതിരേ കൂടുതൽ അന്വേഷണം നടത്തുന്നു.കണ്ണൂർ ഇരിട്ടി സ്വദേശി പ്രസാദിനെ(49)യാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരാഴ്ചയായി പാലായിൽ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞ് സൗജന്യമായി താമസിക്കുകയും ടൗണിലെ ഒരു യുവാവിന്റെ വില കൂടിയ മൊബൈൽ ഫോണ് മോഷ്ടിക്കുകയും ചെയ്തതോടെയാണ് ഇയാൾ പിടിയിലായത്.
പ്രസാദ് സമാനമായ രീതിയിൽ മറ്റു സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പതിവായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണെന്ന് പറഞ്ഞു പല സ്ഥലങ്ങളിലും എത്തി സൗജന്യമായി താമസിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്.
പാലായിൽ ഇയാൾ പിടികൂടാനെത്തിയ പോലീസിനോടും ചൂടായി. തന്നെക്കണ്ടു സല്യൂട്ടടിക്കാത്തതിനായിരുന്നു പോലീസുകാരനെ വിരട്ടിയത്.1993ൽ കെഎപിയിൽ പോലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടർന്ന് സർവീസിൽ നിന്നു പിരിച്ചുവിടുകയായിരുന്നെന്നു പോലീസ് പറയുന്നു.
പാലാ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രൻ, എസ്എച്ച്ഒ സുനിൽ തോമസ്, എസ്ഐ കെ. എസ്. ജോർജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പാലാ കോടതിയിൽ പ്രതിയെ ഹാജരാക്കി റിമാൻഡ് ചെയ്തു.