കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറത്ത് സിപിഎം ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തിനശിച്ചു. മീനാപ്പീസ് കണ്ടത്തിൽ ഗവ.എൽപി സ്കൂളിലെ 138-ാം നമ്പർ ബൂത്തിൽ ഏജന്റായിരുന്ന ബല്ലാ കടപ്പുറത്തെ മൂസക്കുട്ടിയുടെ തട്ടുകടയാണ് കത്തിനശിച്ചത്.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ മൂസക്കുട്ടിയും സഹപ്രവർത്തകരും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്നലെ പുലർച്ചെ ഒന്നര വരെ കടയിലുണ്ടായിരുന്നു.പുലർച്ചെ ആറുമണിയോടെയാണ് തീ ആളിപ്പടരുന്നത് കണ്ടത്.
ഹോസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.പി.ആസാദിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മുസ്ലീംലീഗ് പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.
അതേസമയം സംഭവവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിതശ്രമമാണ് നടന്നതെന്നും ലീഗ് നേതാക്കൾ പറഞ്ഞു.