കൊക്കെയിൻ ആസക്തി മാറ്റാൻ ചികിത്സ പക്ഷേ, ആളുടെ ജീവനും പോയി. സ്പെയിനിൽ 2019 ജൂലെ 28 നായിരുന്നു ഫാഷൻ ഫോട്ടോഗ്രാഫറായ ജോസ് ലൂയിസ് അബാദ് കൊല്ലപ്പെട്ടത്.
പതിനൊന്നു മാസങ്ങൾക്കു ശേഷം സ്പാനിഷ് പോണ് സ്റ്റാർ നാക്കോ വിഡാലിനെതിരെ നരഹത്യയ്ക്കു കേസ് എടുത്തിരിക്കുകയാണ്. ഫോട്ടോഗ്രാഫറുടെ കൊക്കെയിൻ ആസക്തി മാറ്റാനായി ഷമാനിക് ആചാരപ്രകാരം കർമം ചെയ്യുന്നതിനിടയിലാണ് കൊളറാഡോ നദിയിൽ കാണപ്പെടുന്ന ഒരു തരം തവളയുടെ വിഷം വിഡാൽ നൽകിയത്.
ചികിത്സയായിരുന്നുപക്ഷേ,
അബാദിന്റെ മൊബൈൽ ഫോണിൽ റെക്കോർഡുചെയ്ത 22 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ 20 സെക്കൻഡ് നേരം ക്രിസ്റ്റലൈസ് ചെയ്ത വിഷം ശ്വസിക്കുന്നതായി കാണാൻ സാധിക്കും.
അതിനു മുന്പ് അബാദ് അലറിക്കരയുന്നതും അവന്റെ കൈകളും കാലുകളും വികൃതമായ രീതിയിൽ പിരിക്കുകയും വളയ്ക്കുകയും ചെയ്യുന്നതും കാണാം. ഇതേ സമയം ചടങ്ങിന്റെ രണ്ട് സഹായികൾ ചടങ്ങിന്റെ ഭാഗമായി മദ്ദളം പോലൊരു വാദ്യോപകരണത്തിൽ അടിക്കുന്നതും. രണ്ട് മണികൾ അടിക്കുന്നതും കാണാം.
എന്നാൽ, മുറി വൈദ്യൻ ആളെ കൊല്ലും എന്നതു പോലെയായി കാര്യങ്ങൾ അബാദിന്റെ മുഖം വും നെഞ്ചും നീല നിറമാകാൻ തുടങ്ങി. ഇതു കണ്ട വിഡാൽ പ്രഥമ ശുശ്രുഷ നൽകുകയും കാമറമാനായ ബന്ധുവിനോട് ആംബുലൻസ് വിളിക്കാനും ആവശ്യപ്പെട്ടു. രാത്രി പതിനൊന്നോടെ ആംബുലൻസ് എത്തിയെങ്കിലും അബാദ് മരിച്ചിരുന്നു.
നിരുപദ്രവകരമായ ആചാരം
പതിനൊന്നു മാസത്തെ അന്വേഷണത്തിന് ശേഷമാണ് കൊലപാതകം, പൊതുജനാരോഗ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ എന്നീ കേസുകൾക്കു വിഡാലിനെയും ഒരു ബന്ധുവിനെയും ജോലിക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഒൗഷധഗുണം വാഗ്ദാനം ചെയ്ത് ഇത്തരം ആചാരങ്ങൾ പതിവായി നടക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യേഗസ്ഥരും പറയുന്നത്.പ്രത്യക്ഷത്തിൽ നിരുപദ്രവകരമായ പൂർവിക ആചാരമായ ഇതു ഗുരുതരമായ അപകട സാധ്യതയുള്ളതുമാണ്.
എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന ദുർബലരായ മനുഷ്യർ, അല്ലെങ്കിൽ എന്തെങ്കിലും രോഗങ്ങൾ, ആസക്തികൾ എന്നിവയിൽ നിന്നും സുഖം പ്രാപിക്കാൻ ബദൽ മാർഗങ്ങൾ തേടുന്ന ആളുകളുമാണ് ഇത്തരം ആചാരങ്ങളിലേക്ക് എത്തുന്നത്.
നരഹത്യയ്ക്ക് കേസ്
അശാസ്ത്രീയമായ ഒരു ചടങ്ങ് നടത്തുന്നതിൽ മുൻകരുതലുകൾ എടുക്കുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ചു വിഡാലിനെ നരഹത്യയ്ക്കു കേസെടുക്കണമെന്നാണ് ജഡ്ജി പറഞ്ഞിരിക്കുന്നത്.
കൂടാതെ,ശ്വസിക്കാൻ നൽകിയ വിഷത്തിന്റെ അളവ് നിയന്ത്രിച്ചില്ലെന്നും വിഡാലിനെതിരെ ആരോപിച്ചു. സ്പാനിഷ് ആരോഗ്യ അധികൃതർ ഈ മരുന്നിനെ മരുന്നായി അംഗീകരിച്ചിട്ടില്ല.
തവളയുടെ വിഷം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗശാന്തിയെക്കുറിച്ചു വിവരിക്കുന്ന ഒരു യൂട്യൂബ് വീഡിയോ 2016 ൽ വിഡാൽ പോസ്റ്റ് ചെയ്തിരുന്നു.
ഇത് ഉപയോഗിച്ചപ്പോൾ എന്റെ ശരീരം പ്രകാശമായി മാറി, നിലത്തിന്റെ ഒരു ഭാഗം, ആകാശം, സസ്യങ്ങൾ, പ്രകൃതി, പ്രപഞ്ചം എല്ലായിടത്തും പ്രകാശമുണ്ടായി. ഞാൻ പ്രപഞ്ചമായിരുന്നു. ഞാനായിരുന്നു എല്ലാം. എന്നാണ് ഈ വീഡിയോയിൽ വിഡാൽ പറഞ്ഞിരിക്കുന്നത്.
എന്താണ്തവളവിഷം?
വടക്കൻ മെക്സിക്കോയിൽ നിന്ന് കാലിഫോർണിയയിലേക്കും അരിസോണയിലേക്കും വ്യാപിക്കുന്ന സോനോറൻ മരുഭൂമിയിൽനിന്നുള്ള അപൂർവയിനമാണ് കൊളറാഡോ റിവർ ടോഡ് അഥവാ ബുഫോ അൽവാരിയസ്.
സ്കങ്കുകൾ, റാക്കൂണുകൾ, പക്ഷികൾ എന്നിവപോലുള്ള ശസ്ത്രുക്കളെ അകറ്റാനാണ് തവളകൾ വിഷ സ്രവങ്ങൾ ഉപയോഗിക്കുന്നത്.
ഈ വിഷ സ്രവം ഉള്ളതുകൊണ്ടാണ് ഈ തവള മനുഷ്യർക്കിടയിൽ മൂല്യമുള്ളതാകുന്നത്. 5- 5-MeO-DMT എന്നറിയപ്പെടുന്ന വളരെ ശക്തമായ പ്രകൃതിദത്ത സൈക്കഡെലിക് വിഷ സ്രവമാണ് ഇവയിലുള്ളത്.
ഈ വിഷ സ്രവം, തവളയുടെ വായയുടെ കോണുകൾ, കാലുകളിലെ ഗ്രന്ഥികൾ എന്നിവിടങ്ങളിൽ ഒരു വെളുത്ത അരിന്പാറയുടെ രൂപത്തിലാണ് കാണപ്പെടുന്നത്.
ഈ ദ്രാവകം ഉണങ്ങികഴിയുന്പോൾ പരലുകൾ പോലെ കാണപ്പെടും. ലഹരിക്കു വേണ്ടി മനുഷ്യർ ഒരു പൈപ്പ ഉപയോഗിച്ച് ഇതിനെ ഉള്ളിലേക്കു വലിച്ചെടുക്കാറുണ്ട്. ഇത് ഉള്ളിൽ ചെന്നാൽ 15 സെക്കൻഡിനുള്ളിൽ ഒരു ഉന്മാദാവസ്ഥിലേക്കു മനുഷ്യനെ എത്തിക്കാൻ കഴിയും.
അത് 20 മുതൽ 40 മിനിറ്റ് വരെ നീണ്ടുനിൽക്കുകയും ചെയ്യും. ഇതിന്റെ ഫലങ്ങൾ അയ്യുവാസ്ക എന്ന ലഹരിക്കു സമാനമാണെന്ന് പറയപ്പെടുന്നു, ഇത് ആമസോണിൽനിന്നുള്ള ശക്തമായ ഹാലുസിനോജെനിക് സംയോജനമാണ്.
വിഷാദം അല്ലെങ്കിൽ ആസക്തി എന്നിവ പരിഹരിക്കുന്നതിനോ വിനോദ ആവശ്യങ്ങൾക്കോ വേണ്ടയോ ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ, പലപ്പോഴും ഇതിന്റെ ഉപയോഗം അശാസ്ത്രീയവും അപകടം നിറഞ്ഞതുമാണ്.