ഗാന്ധിനഗർ: പ്രസവശേഷം ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് അറിയിച്ചു.
പ്രസവശേഷം മാതാവ് ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ചിരുന്നു. അമ്മയ്ക്ക് അമിതരക്തസ്രാവമുണ്ടായതിനെ തുടർന്നു ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് യുവതി പ്രസവിച്ചെന്ന് മനസിലാകുന്നത്. പിന്നീട് ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിൽ ശിശു മരണപ്പെട്ടതിനാൽ കുഴിച്ചിട്ടതായി യുവതി പറഞ്ഞു.
യുവതിയോടൊപ്പം ആശുപത്രിയിലെത്തിയ മൂത്തമകൻ പറഞ്ഞത് കുട്ടി ശുചിമുറിയിലെ ബക്കറ്റിൽ ഉണ്ടെന്നായിരുന്നു. ഉടൻതന്നെ ആശുപത്രി അധികൃതർ പോലീസിനെയും ചൈൽഡ് വെൽഫയർ കമ്മിറ്റി അധികൃതരേയും അറിയിച്ചു.
പോലീസിൽ വിവരം ലഭിച്ച ഉടൻ ചെങ്ങന്നൂർ എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിൽ പോലീസ് യുവതിയുടെ വീട്ടിലെത്തി എസ്ഐ അഭിലാഷ് ബക്കറ്റിലുള്ള കുഞ്ഞുമായി ഓടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ നാലിനായിരുന്നു സംഭവം.
ആശുപത്രിയിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം നവജാത ശിശുവുമായി പോലീസ് കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് പായുകയായിരുന്നു.
ആശുപത്രിയിൽ എത്തിയശേഷം സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തിൽ അടിയന്തര ചികിത്സ നടത്തി. ആദ്യദിവസം വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടി ഓക്സിജന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്.
ട്യൂബ് വഴിയാണ് കുട്ടിക്ക് മുലപ്പാൽ നൽകിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ നാലിനു ചെങ്ങന്നൂർ കോട്ട സ്വദേശിനിയാണു വീട്ടിൽവച്ചു പ്രസവശേഷം നവജാതശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ ഇട്ടത്.