അരുമ മൃഗങ്ങള്‍ എല്ലാ മനുഷ്യരുടെയും ഇഷ്ടമാണ്. നായ്ക്കളെയും പൂച്ചകളെയും ഇണക്കി വളര്‍ത്തുന്നത് സര്‍വ സാധാരണമാണെങ്കിലും വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നവര്‍ താരതമ്യേന കുറവാണ്.
റഷ്യയിലെ കിഴക്കന്‍ സൈബീരിയയിലെ നോവോസിബിര്‍സ്കയിലെ വെറോണിക്ക ഡിച്ച്ക എന്ന യുവതിക്ക് പ്രിയ ഒരു കരടിയോടാണ്.
ആര്‍ച്ചി എന്നു പേരിട്ടിരിക്കുന്ന ഭീമന് കരടി ഇവരുടെ ഓമനയാണ്. വീട്ടിലെ ഒരു അംഗത്തെ പോലെ വളര്‍ത്തുന്നു. വെറോണിക്ക മീന്‍പിടിക്കാന്‍ പോകുമ്പോഴും ഒപ്പം കൂട്ടുക ആര്‍ച്ചിയെയാണ്.
രണ്ടു വര്‍ഷം മുമ്പാണ് സഫാരി പാര്‍ക്കില്‍ നിന്നും ആര്‍ച്ചിയെ രക്ഷപെടുത്തിയത്. ഇതോടെ വെറോണിക്ക വീട്ടില്‍ പെറ്റായി ആര്‍ച്ചിയെ വളര്‍ത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും ഉറ്റചങ്ങാതിമാരും ആത്മബന്ധമുള്ളവരുമായി.
വഞ്ചിയില്‍ കയറി മീന്‍പിടിക്കാന്‍ പോകാനും ആര്‍ച്ചിയെയും വെറോണിക്ക ഒപ്പം കൂട്ടും. ഇങ്ങനെ ഒപ്പം കൂട്ടിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്.
കറുത്ത പാന്റും ഷര്‍ട്ടും തൊപ്പിയും ധരിച്ച സുന്ദരിയായ യുവതി അതിഭീമനായ ഒരു കരടിക്കൊപ്പം കൂളായിരുന്ന് മീന്‍ പിടിക്കുന്നു. ആരും നോക്കിപ്പോകുന്ന ചിത്രമാണ്.
ആര്‍ച്ചി വീട്ടിലെ ഒരു അംഗമാണെന്നാണ വെറോണിക്ക പറയുന്നത്. ഭക്ഷണം ഒരുമിച്ചു കഴിക്കും ഒരുമിച്ചു കിടന്നുറങ്ങുകയും ചെയ്യുമെന്നും യുവതി പറയുന്നു.
ഓരോ പുതിയ സ്ഥലങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ അവന് കൂടുതല്‍ സന്തോഷവാനാണ് എന്നാണ് വെറോണിക്ക പറയുന്നത്. കാമറ കണ്ടാലും പോസ് ചെയ്യുന്ന ആര്‍ച്ചി ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെയും താരമാണ്.