ചാത്തന്നൂർ: കെഎസ്ആർടിസി ലോ ഫ്ലോർ എസി ബസിൽ യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കുന്നതിനിടയിൽ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഇടിഎം) പൊട്ടിത്തെറിച്ചു.
കൊല്ലം ഡിപ്പോയിലെ കണ്ടക്ടർ അരുൺ ജ്യോതിക്ക് പൊള്ളലേറ്റു. ബസ് നിറയെ പുക പടർന്നെങ്കിലും യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കൊല്ലം ഡിപ്പോയിൽ നിന്നും രാവിലെ ആറിന് എറണാകുളത്തേയ്ക്ക് സർവീസ് പോയ കെഎസ്ആർടിസി ലോ ഫ്ലോർ എസി ബസ് രാമൻ കുളങ്ങര എത്തിയപ്പോഴായിരുന്നു ഇടിഎം പൊട്ടിതെറിച്ചത്.
അതോടെ ബസ് നിറയെ പുക പടർന്നു. പെട്ടെന്ന് തന്നെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ യാത്രക്കാർ പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു.
യാത്രക്കാരെ മറ്റൊരു സൂപ്പർ ഫാസ്റ്റിൽ കയറ്റി വിട്ടു. കൈയ്ക്ക് പൊള്ളലേറ്റ അരുൺ ജ്യോതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നല്കി.