മോഷണം നാട്ടിൽ പതിവാണ്. കള്ളൻമാരും കൊള്ളക്കാരും നാട്ടിൽ പെരുകുന്ന വാർത്തകളാണ് ദിനംപ്രതി കേൾക്കുന്നത്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പഴയങ്ങാടിയിൽ വയോധികരെ കബളിപ്പിച്ച് സ്വർണവും പണവും കവർന്നു. എരിപുരം ചെങ്ങൽ നാട്ടാർകുളത്തിന് സമീപത്തെ വി. മാധവൻ, കെ.പി. ഹരിദാസൻ എന്നിവരാണ് കബളിക്കപ്പെട്ടത്.
വി. മാധവന്റെ അരപ്പവൻ വരുന്ന സ്വർണ മോതിരവും കെ.പി.ഹരിദാസന്റെ ആറായിരം രൂപയുമാണ് അപരിചിതൻ കവർന്നത്. പരാതിയിൽ കേസെടുത്ത പോലിസ് അന്വേഷണം ഊർജിതമാക്കി.
സംഭവം നടന്ന സ്ഥലത്തെ സിസി ടിവി കാമറകൾ പരിശോധിച്ചു വരികയാണെന്ന് പഴയങ്ങാടി സിഐ ടി.എൻ. സന്തോഷ് കുമാർ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് സംഭവം.
ചെങ്ങലിലെ വി.മാധവൻ വീടിന് പുറത്തിരിക്കവെ പരിചയം നടിച്ച് എത്തിയ യുവാവ് ബിൽ സഹിതമുള്ള പത്ത് കുപ്പി മിലിട്ടറി മദ്യം ഉണ്ടെന്നും ആറായിരം രൂപ തന്നാൽ മദ്യം നൽകാമെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ, തനിക്ക് മദ്യം വേണ്ടെന്നും സുഹൃത്തിന് വേണമെന്നും മാധവൻ അറിയിക്കുകയും സുഹൃത്തായ കെ.പി.ഹരിദാസനെ വിളിച്ച് വരുത്തുകയും ചെയ്തു.
മൂന്ന് പേരും ചേർന്ന് ഓട്ടോറിക്ഷയിൽ പഴയങ്ങാടി ബസ്സ്റ്റാൻഡിൽ എത്തുകയും ഹരിദാസനിൽനിന്ന് അപരിചിതൻ ആറായിരം രൂപ കൈപ്പറ്റുകയും ചെയ്തു.
മാധവന്റെ അരപ്പവൻ തൂക്കം വരുന്ന സ്വർണ മോതിരം കണ്ട് തനിക്കും ഇതുപോലെ ഒരണ്ണം പണിയണമെന്ന് പറഞ്ഞ് മോതിരത്തിന്റെ ഫോട്ടോ എടുക്കുവാനെന്ന വ്യാജേനെ മോതിരം കൈവശപ്പെടുത്തി മുങ്ങുകയായിരുന്നു. പഴയങ്ങാടി ടൗണിലെയും സമീപത്തെയും സിസി ടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.