തമിഴ്നാട്ടില്‍ പതിവ് പോലെ മത്സരം എഐഎഡിഎംകെയും ഡിഎംകെയും തമ്മിലാണെങ്കിലും നടന് കമല്‍ഹാസന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്നാം മുന്നണി തരംഗമുണ്ടാക്കുമോയെന്നാണ് പലരും ഉറ്റു നോക്കുന്നത്.
ഇതിനോടകം മുന്നണി സിനിമക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കമലിനും നടന് ശരത് കുമാറിനു പുറമെ വിജയ്കാന്തും കൂടി മുന്നണിയുടെ ഭാഗമായി മാറുമെന്നു സൂചനകളാണ് പുറത്തു വരുന്നത്. ഇത്രയധികം താരങ്ങള്‍ മല്‍സരിക്കുന്ന മുന്നണി തമിഴ്നാട്ടില്‍ വേറെയില്ല.
കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം,നടന് ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി,എസ്.ആര് എം. വ്യവസായ ഗ്രൂപ്പിന്റെ മുതലാളി പാരിവേന്ദറിന്റെ ഇന്ത്യന്‍ ജനനായക കക്ഷി എന്നിവയാണു നിലവില്‍ മൂന്നാം മുന്നണിയിലുള്ളത്.
സീറ്റുകളെ ചൊല്ലി അണ്ണാ ഡി.എം.കെ. വിട്ട നടന് വിജയ്കാന്തിന്റെ ഡി.എം.ഡി.കെയുടെ നോട്ടവും മൂന്നാം മുന്നണിയാണ്. ഇതോടെ മുന്നണിയിലെ ആകെയുള്ള നാലു പാര്‍ട്ടികളില്‍ മൂന്നും താരപാര്ട്ടിയായി മാറും.
കമല്‍ ചെന്നൈയിലെ ആലന്ദൂരിലും കോയമ്പത്തൂര്‍ സൗത്തിലും മല്‍സരിക്കുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. 40 സീറ്റുകളില്‍ മല്‍സരിക്കുന്ന സമത്വ മക്കള്‍ കക്ഷിയുടെ സ്ഥാപകന്‍ നടന് ശരത് കുമാര്‍ നേരത്തെ വിജയിച്ച തെങ്കാശിയിലും ഭാര്യയും നടിയുമായ രാധിക ശരത് കുമാര്‍ കോവില്‍പെട്ടിയിലും ജനവിധി തേടുമെന്നാണു കേള്‍വി.
വിജയ്കാന്ത് ഇതിനകം മല്‍സരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. വീടിരിക്കുന്ന വിരുഗമ്പാക്കം മണ്ഡലത്തില്‍ മല്‍സരിക്കാനാണു ക്യാപ്റ്റന്‍ ഇഷ്ടമെന്നാണ് അടുപ്പക്കാര്‍ പറയുന്നത്.
ഈയിടെ മക്കള്‍ നീതി മയ്യത്തില്‍ ചേര്‍ന്ന സിനിമ നിര്‍മാതാവും മുന്‍ അണ്ണാഡി. എം. കെ. നേതാവുമായ പഴ കറുപ്പയ്യയും മല്‍സര രംഗത്തുണ്ടാകുമെന്നു ഏതാണ്ട് ഉറപ്പാണ്.
കൂടാതെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് ടോര്‍ച്ച് ചിഹ്നത്തില്‍ മല്‍സരിച്ച്, ഒരുലക്ഷത്തിനടുത്തു വോട്ടു പിടിച്ച നടന് നാസറിന്റെ ഭാര്യ കമീല നാസറിനെയും കമല്ഹാസന് രംഗത്തിറക്കുമെന്നു സൂചനയുണ്ട്.
അതേസമയം മൂന്നാം മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഡി.എം.ഡി.കെ ടി.ടി.വി. ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.