തിരുവില്വാമല: മഴ നനഞ്ഞു കുതിർന്ന് മേൽക്കൂരയുടെ സീലിംഗ് തകർന്നുവീണ തിരുവില്വാമല ഗവ.എൽപി സ്കൂളിലേക്ക് കയറി ചെല്ലുന്പോൾ നവകേരള സദസിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞ വാക്കുകളായിരുന്നു മനസിൽ.
കേരളത്തിലെ സ്കൂൾ കെട്ടിടങ്ങൾ കണ്ടാൽ ബാർ ഹോട്ടലാണെന്ന് തെറ്റിദ്ധിച്ച് അവിടേക്ക് ആളുകൾ കയറുമെന്നാണ് ചെറുതുരുത്തിയിൽ നടന്ന നവകേരള സദസിൽ മന്ത്രി പറഞ്ഞത്.
ശരിയാണ്, തകർന്നുവീണ മേൽക്കൂരയും ചുറ്റുപാടും കാണുന്പോൾ ഒരടി നടന്ന ബാർ ഹോട്ടൽ പോലുണ്ടായിരുന്നു! ബലക്ഷയം മൂലം കെട്ടിടത്തിന്റെ മേൽക്കൂര ആകെ നശിച്ച അവസ്ഥയിലായിരുന്നു.
മേൽക്കൂര മാത്രം വീണത് ഭാഗ്യം കൊണ്ടാണെന്നും ഇനിയും ഇത്തരം അപകടങ്ങൾക്ക് സാധ്യതയേറെയാണെന്നും രക്ഷിതാക്കളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. അധികാരികളുടെ തികഞ്ഞ അവഗണനയാണ് സ്കൂളിനോടെന്നും വിമർശനമുയർന്നു.
250 ലധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. കഴിഞ്ഞ ദിവസം സംഭവിച്ച പോലുള്ള അപകടത്തിന് ഇനിയും സാധ്യതയുണ്ടെന്നാണ് രക്ഷിതാക്കൾ ആശങ്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ കെട്ടിട നിർമാണത്തിന് ആവശ്യമായ തുക അനുവദിച്ചെങ്കിലും തിരുവില്വാമല ഗവ.എൽപി സ്കൂളിനെ മാത്രം തഴയുകയായിരുന്നെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
അതേസമയം സ്കൂളിന്റെ ഇപ്പോഴത്തെ ദുരവസ്ഥയിൽനിന്ന് മോചനം കൊടുക്കുമെന്ന് പ്രഖ്യാപിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ രംഗത്തെത്തി. സീലിംഗ് അടർന്ന് വീണ തിരുവില്വാമല ജിഎൽ പി സ്കൂളിന് പത്ത് ക്ലാസ് മുറികളോടുകൂടിയ രണ്ട് നില കെട്ടിടം നിർമിച്ച് നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.