നാല് വർഷമായി ഒരേ കല്ല് കൈയാലയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി വാഴത്തോപ്പ് പഞ്ചായത്തിന്റെ വിചിത്ര “മാതൃക’. വാഴത്തോപ്പ് പഞ്ചായത്തിൽ ആറാം വാർഡായ കേശമുനിയിലാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വിചിത്രമായ തൊഴിലുറപ്പ് പദ്ധതി നടക്കുന്നത്.
നാല് വർഷം മുന്പ് നിർമിച്ച കല്ല് കൈയാല വർഷാവർഷം പുല്ലും കാടും പറിച്ച് വൃത്തിയാക്കിയാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതെന്നാണ് ആക്ഷേപം.
ഇതേ കൈയാലയ്ക്ക് സ്വകാര്യ ഏജൻസിയിൽനിന്നു പണം നേടിയിട്ടുള്ളതാണെന്നും ആരോപണമുണ്ട്. വാഴത്തോപ്പ് പഞ്ചായത്തിൽ വർഷങ്ങളായ കൈയാല നിർമാണവും ജൈവവേലി നിർമാണവും മാത്രമാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
ചില വ്യക്തികളുടെ കൃഷിയിടത്തിൽ മാത്രമേ കൈയാല “നിർമിക്കാ’റുള്ളെന്നും ആക്ഷേപമുണ്ട്. ഇവരുടെ പുരയിടത്തിൽ ഇനി കൈയാല നിർമിക്കാൻ കല്ലോ സ്ഥലമോ ഇല്ലത്രെ.
എന്നാൽ, ഇവിടെ തന്നെ സ്ഥിരമായി കല്ല് കൈയാല നിർമിക്കുന്നതാണ് ആക്ഷേപത്തിന് കാരണമായിരിക്കുന്നത്. കേശമുനിയിലാണ് മാസങ്ങൾക്ക് മുന്പ് തൊഴിലുറപ്പ് പദ്ധതിയിൽ വനത്തിന് ജൈവവേലി നിർമിച്ചത് വിവാദമായത്.