തൃശൂർ: ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. പെരിഞ്ഞനെ ചെട്ടിപ്പറന്പിൽ ലെനിൻ ഭാര്യ ജെസി ലെനിനാണ് ഡോക്ടർമാർക്കെതിരെ ആരോഗ്യവകുപ്പ് മന്ത്രിക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരിക്കുന്നത്.
കാലിന് തളർച്ച ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജെസി ലക്ഷങ്ങൾ ചിലവഴിച്ചിട്ടും രോഗം ഭേദമാകാത്തതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളജിലെത്തിയത്. ന്യൂറോളജി വിഭാഗത്തിലാണ് ജെസി ചികിത്സ തേടിയത്.
ഇവിടെയുണ്ടായിരുന്ന പ്രധാനിയാണ് തന്നോട് അപമര്യാദയായി പെരുമാറുകയും ഭ്രാന്താശുപത്രിയിൽ ചികിത്സിക്കാനും സ്വകാര്യ ആശുപത്രിയിലേക്ക് പോകാനും പറഞ്ഞതെന്നും ജെസി പരാതിയിൽ പറയുന്നു.
മറ്റൊരു ഡോക്ടർ തന്റെ ഭർത്താവിനോട് വീട്ടിൽ വന്നു കാണണമെന്ന് പലതവണ ആവശ്യപ്പെട്ടതായും ജെസി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഒരു കാരണവശാലും തുടർചികിത്സ ഇവിടെ അനുവദിക്കില്ലെന്ന് പറഞ്ഞ ന്യൂറോളജി വകുപ്പിലെ പ്രധാനിക്കെതിരെയും ഡോക്ടർക്കെതിരെയും ചികിത്സ നിഷേധിച്ച സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് ജെസി ആവശ്യപ്പെട്ടിരിക്കുന്നത്.