പത്തനംതിട്ട: വടശേരിക്കര ബൗണ്ടറിയില്‍ ഇന്നലെ രാത്രി ഒരു വീട്ടില്‍ നിന്ന് മൂന്ന് ആടുകളെ നഷ്ടപ്പെട്ടതിനു പിന്നാലെ വനപാലക സംഘം നടത്തിയ തെരച്ചിലിനിടെ മുമ്പിലെത്തിയതു കാട്ടാനയും കാട്ടുപോത്തും.
വടശേരിക്കര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡായ ബൗണ്ടറിയില്‍ ഒരാഴ്ചയിലേറെയായി കാട്ടാനയുടെ നിരന്തര ശല്യമുണ്ട്. ഇതിനിടെയാണ് ഇന്നലെ രാത്രി 8.30 ഓടെ ആര്‍ക്കേമണ്‍ ഭാഗത്ത് കടുവയിറങ്ങിയത്.
വാലുമണ്ണില്‍ അമ്പിളി സദാനന്ദന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്ന് ഒരു ആടിനെ കടുവ പിടിച്ചുകൊണ്ടുപോകുന്നതു കണ്ടാണ് വീട്ടുകാര്‍ ബഹളം വച്ചത്.
പരിശോധനയില്‍ രണ്ട് ആടുകള്‍ കൂടി നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തി. ഒളികല്ല് വനമേഖലയിലേക്കാണ് കടുവ ഓടിപ്പോയതെന്നു പറയുന്നു.
വടശേരിക്കര ടൗണില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറിയുള്ള പ്രദേശമാണിവിടം. ഈ ഭാഗത്ത് കാട്ടാന കഴിഞ്ഞയാഴ്ച മുതല്‍ എത്തുന്നുണ്ട്.
ആദ്യമായാണ് ഈ ഭാഗം വരെ കാട്ടാന എത്തുന്നത്. കടുവ മുമ്പ് മണിയാര്‍ വരെ എത്തിയിരുന്നു. പെരുനാട് ബഥനിമല ഭാഗത്ത് നിരന്തരമായ കടുവശല്യം കാരണം തോട്ടങ്ങളിലെ കാട് തെളിക്കാന്‍ ഇന്നലെ തുടങ്ങിയിരുന്നു.
അവിടെനിന്ന് അഞ്ച് കിലോമീറ്റര്‍ മാറിയ പ്രദേശമാണ് ബൗണ്ടറി. കാടു തെളിച്ചതോടെ കടുവ ഈ ഭാഗത്തേക്ക് മാറിയിട്ടുണ്ടാകാമെന്ന സംശയം വനപാലകര്‍ക്കുണ്ട്.
രാത്രിയില്‍ തന്നെ വനപാലകസംഘം സ്ഥലത്തു തെരച്ചില്‍ തുടങ്ങി. രാത്രി കാവലും ഏര്‍പ്പെടുത്തിയിരുന്നു. ശക്തമായ മഴ ഉണ്ടായിരുന്നതിനാല്‍ കടുവയുടെ കാല്പാദങ്ങള് കണ്ടെത്താനായിട്ടില്ല.
തെരച്ചിലിനിടെ ഇന്നലെ രാത്രിയില്‍ ഈ ഭാഗത്ത് കാട്ടാനയും കാട്ടുപോത്തുമെല്ലാം വനപാലകരുടെ ടോര്‍ച്ച് വെളിച്ചത്തിലെത്തി. ജനവാസ മേഖലയോടു ചേര്‍ന്ന പ്രദേശങ്ങളിലൂടെയാണ് ഇവ വിഹരിക്കുന്നത്.