ബംഗളൂരു: മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേരു നൽകാനുള്ള കോൺഗ്രസ് സർക്കാർ നീക്കം വിവാദത്തിൽ.സർക്കാർ നിർദേശത്തെ പ്രതിപക്ഷമായ ബിജെപി കടുത്ത ഭാഷയിൽ വിമർശിച്ചു.
മന്ത്രി പ്രിയങ്ക് ഖാർഗെയാണ് മൈസൂരു വിമാനത്താവളത്തിന് ടിപ്പുവിന്റെ പേരിടാനുള്ള നിർദേശം മുന്നോട്ടുവച്ചത്. കഴിഞ്ഞ ബിജെപി സർക്കാർ ടിപ്പു എക്സ്പ്രസ് ട്രെയിനിന്റെ പേര് വോഡയാർ എക്സ്പ്രസ് എന്നാക്കിയിരുന്നു.
മൈസൂരു വിമാനത്താവളത്തിന് ടിപ്പുവിന്റെ പേരു നൽകാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു. എംഎസ് എഡ്യൂക്കേഷൻ അക്കാഡമി ടിപ്പു സുൽത്താനു നൽകിയതായി കരുതപ്പെടുന്ന ‘മൈസൂരു കടുവ’ എന്ന വിശേഷണവും പാഠപുസ്തകങ്ങളിൽനിന്നു നീക്കം ചെയ്ത ബിജെപി സർക്കാർ സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിക്കുന്നതും നിരോധിച്ചിരുന്നു.
ടിപ്പു സുൽത്താൻ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ടിപ്പു സുൽത്താൻ ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ഹിന്ദുക്കളെ കൊലപ്പെടുത്തുകയും ചെയ്തുവെന്ന ആരോപണം സിദ്ധരാമയ്യ നിഷേധിച്ചുവെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് മുന്പിൽക്കണ്ട് ജാഗ്രതയോടെയാണ് കോൺഗ്രസ് സർക്കാർ മുന്പോട്ടു നീങ്ങുന്നത്.