ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കർഷകരുടെ ട്രാക്ടർ റാലി ആരംഭിച്ചു. സിംഗു അതിർത്തിയിൽ പോലീസ് ബാരിക്കേഡുകൾ മറികടന്ന് കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ച് തുടങ്ങിയതായാണ് റിപ്പോർട്ട്.
കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പഞ്ചാബിന്റെ നേതൃത്വത്തിലാണ് റാലി.രാജ്യത്തെ ഔദ്യോഗിക റിപബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷമാകും റാലി നടത്താനായിരുന്നു അനുമതി. എന്നാൽ നിശ്ചയിച്ചിരുന്ന സമയത്തെക്കാൾ കർഷകർ തങ്ങളുടെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
സിംഗുവിൽ ഒരു വിഭാഗം കർഷകർ പോലീസ് ബാരിക്കേഡുകൾ ട്രാക്ടറുകൾ കൊണ്ട് ഇടിച്ചുനീക്കി. പോലീസ് നിർത്തിയിട്ട ട്രക്കുകൾ കർഷകർ നീക്കുകയും ചെയ്തു.
രാജ്യചരിത്രത്തിൽ ആദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ റാലി നടത്തുന്നത്. റാലിയിൽ ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കർഷക സംഘടനകൾ അവകാശപ്പെടുന്നത്.
പഞ്ചാബിൽ നിന്ന് കുതിരപ്പടയടക്കം റാലിയിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. ഡൽഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകൾ ഒരേസമയം റാലി നടത്തുന്നത്.
കർഷക പരേഡിനെ തുടർന്ന് ഡൽഹിയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാന്‍ സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിൽ കർഷക സംഘടനകളും പോലീസും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കർശന പരിശോധനക്ക് ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്.