ചിങ്ങവനം: രണ്ടുപേരുടെ ജീവൻ സ്വന്തം കൈകളിൽ കിടന്നു പൊലിയുന്നത് നേരിൽ കണ്ടതിന്റെ ഞെട്ടൽ മാറാതെ ചോഴിയക്കാട് വലിയപറന്പിൽ ജോയിയും മകൻ ജോജോയും. തരിശു കിടന്ന പാടം വൃത്തിയാക്കുന്നത് കാണാൻ ഇന്നലെ വൈകുന്നേരത്തോടെ എത്തയതായിരുന്നു ഇരുവരും.
പരുത്തുംപാറയിൽ ഓട്ടോ ഡ്രൈവറായ ജോജോ വൈകിട്ട് വീട്ടിലെത്തിയതിനു ശേഷമാണ് പിതാവുമൊത്ത് പാടത്തേക്ക് എത്തിയത്. പുറം ബണ്ടിൽനിന്ന ഇവർ തൊട്ടടുത്ത് ഓടിക്കൊണ്ടിരുന്ന ട്രാക്ടർ തലകീഴായി മറിയുന്നത് കണ്ട് തോട് നീന്തി കടന്ന് പാടത്തേക്ക് എടുത്തു ചാടുകയായിരുന്നു. മുന്നിൽ കണ്ട ദയനീയ കാഴ്ചകൾ കരളലിയിക്കുന്നതായിരുന്നു. എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാണു ചിന്തിച്ചത്, ജോയി പറയുന്നു.
ഇരുവരേയും രക്ഷിക്കാൻ ജോജോയും പിതാവും സ്വന്തം ജീവൻ മറന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. തങ്ങളുടെ സർവ ശക്തിയും ഉപയോഗിച്ച് ട്രാക്ടർ ഉയർത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കാൻ ഉച്ചത്തിൽ നിലവിളിച്ചെങ്കിലും അപകട വിവരം ആർക്കും മനസിലായില്ല.
കൂടെയുണ്ടായിരുന്ന ട്രാക്ടർ ഓടിച്ചിരുന്നവർ അന്യസംസ്ഥാന തൊഴിലാളികൾ ആയിരുന്നതിനാൽ അവർക്കും കാര്യം മനസിലായില്ല. പിന്നീട് ജോയിയുടേയും ജോജോയുടേയും നിലവിളി കേട്ട് സംശയം തോന്നിയ മറ്റ് ട്രാക്ടറുകളിലെ ജീവനക്കാർ ഓടിയെത്തുകയായിരുന്നു.
ഇവരുടെ ശ്രമഫലമായി വടം ഉപയോഗിച്ച് ട്രാക്ടർ ഒരു പരിധി വരെ ഉയർത്താൻ കഴിഞ്ഞു.
എന്നാൽ വടം തെന്നിമാറി വീണ്ടും ഇരുവരുടേയും പുറത്തേക്ക് പതിക്കുകയായിരുന്നു. വീണ്ടും വടം കെട്ടി ഉയർത്തി വെള്ളത്തിലും ചെളിയിലും പുതഞ്ഞു കിടന്ന ഇരുവരേയും പുറത്തെടുത്തു. വായിൽ പൂണ്ട ചെളി നീക്കം ചെയ്ത് ഇരുവർക്കും കൃതൃമ ശ്വാസം നൽകി രക്ഷിക്കാൻ ശ്രമിച്ചു.
പ്രതീക്ഷ കൈവെടിഞ്ഞതോടെ മറ്റുള്ളവരുടെ സഹായത്തോടെ കൈകളിലെടുത്തു കരയ്ക്കെത്തിക്കുകയായിരുന്നു.
ട്രാക്ടർ തല കീഴായി മറിഞ്ഞു മരിച്ച രണ്ടുപേരുടെയും സംസ്കാരം ഇന്ന്
ചിങ്ങവനം: തരിശു നിലം കൃഷിയോഗ്യമാക്കുന്നതിനിടെ ട്രാക്്ടർ തല കീഴായി മറിഞ്ഞു മരിച്ച രണ്ടുപേരുടെ സംസ്കാരം ഇന്നു വൈകുന്നേരം. ഡ്രൈവർ അയ്മനം പുലിക്കുട്ടിശേരി മുട്ടേൽ ലക്ഷം വീട് കോളനിയിൽ ശശി (മോനി 56)യുടെ സംസ്കാരം ഇന്നു വൈകുന്നേരം നാലിനും സഹായി നീലിമംഗലം ചാരംകുളംങ്ങര ഷിനു (മണിക്കുട്ടൻ 38)വിന്റെ സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിനും.
ഇന്നലെ രാത്രി ഏഴിനു പനച്ചിക്കാട് ചാന്നാനിക്കാട് വീപ്പനടി പാടത്തായിരുന്നു അപകടം. ഇരുവരും പണി അവസാനിപ്പിച്ചു തിരികെ പോരുന്നതിനിടയിൽ ട്രാക്്ടറിന്റെ പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ഇരുന്പു ചക്രം പുൽക്കൂനയിൽ ഉടക്കി തലകീഴായി മറിയുകയായിരുന്നു.
ട്രാക്്ടറിനടിയിൽപ്പെട്ടു വെള്ളത്തിൽ മുങ്ങി പോയ ഇരുവരേയും സമീപത്തുണ്ടായിരുന്നവർ് രക്ഷപെടുത്തുവാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. പിന്നീട് കുറച്ചകലെയായിരുന്ന മറ്റു ട്രാക്്ടറുകൾ എത്തിച്ച് മറിഞ്ഞു കിടന്ന ട്രാക്്ടർ വടം കെട്ടി ഉയർത്തിയാണ് ഇരുവരേയും വെള്ളത്തിനടിയിൽ നിന്നും പുറത്തെടുത്തത്.
തുടർന്ന് 400 മീറ്റർ വെള്ളത്തിലൂടെ ഇരുവരേയും എടുത്തുകൊണ്ട് കരയിലെത്തിക്കുകയായിരുന്നു. പാടത്തിന്റെ മധ്യഭാഗത്തായിരുന്നതിനാൽ നാട്ടുകാർക്ക് പെട്ടെന്നെത്താൻ കഴിയാതെ വന്നതും രക്ഷാപ്രവർത്തനത്തിന് തടസമായി.
തുടർന്ന് ഇരുവരേയും ഫയർഫോഴ്സിന്റെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ശശിയുടെ ഭാര്യ: രാധ. മക്കൾ: രെജിത, രതീഷ്. മണിക്കുട്ടന്റെ ഭാര്യ: സൗമ്യ. മക്കൾ: ശ്രീദേവി. ശ്രീലാൽ.