സ്വന്തം ലേഖകൻ
ന്യൂഡൽഹി: കർഷക കരി നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാരിന് ഈ വർഷം ഒക്ടോബർ വരെ പരാമവധി സമയം നൽകുമെന്ന് കർഷക സംഘടന നേതാവ് രാകേഷ് ടികായത്ത്.
ഒക്ടോബറിലും നടപടിയുണ്ടായില്ലെങ്കിൽ 40 ലക്ഷം ട്രാക്ടറുകൾ അണിനിരത്തി രാജ്യവ്യാപകമായി ട്രാക്ടർ റാലി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സമര സ്ഥലത്തേക്കുള്ള കുടിവെള്ളം തടഞ്ഞും വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ചും കർഷക സമരം ഒഴിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കർഷക നേതാവിന്റെ മുന്നറിയിപ്പ്.
ഒന്നര വർഷത്തേക്ക് നിയമങ്ങൾ നടപ്പിലാക്കുന്നത് മരവിപ്പിച്ചു നിർത്തണമെന്ന ഉപാധിയിൽ ചർച്ച നടത്താമെന്നാണ് സർക്കാരിന്റെ നിലപാട്. ഇത് അംഗീകരിക്കാൻ പറ്റില്ലെന്ന് കർഷകരും പറയുന്നു.
ഇപ്പോൾ കർഷകരെ ബാരിക്കേഡുകൾക്കുള്ളിൽ ആക്കുകയും കേസുകളിൽ കുടുക്കാനുമാണ് സർക്കാർ നീക്കം നടത്തുന്നതെന്നാണ് സമരക്കാർ ആരോപിക്കുന്നത്. സിംഘുവിൽ കർഷകർക്കെതിരേ ഉണ്ടായ ആക്രമണത്തിന്റെ പേരിൽ നിരവധി കർഷകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
റിപ്പബ്ലിക് ദിനത്തിലെ അനിഷ്ടസംഭവങ്ങളുടെ പേരിൽ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത കർഷകരെ ഉപാധികളില്ലാതെ വിട്ടയച്ചെങ്കിൽ മാത്രമേ ഇനിയൊരു ചർച്ചയ്ക്കുള്ളൂവെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. കസ്റ്റഡിയിലെടുത്ത 122 പേരെ ഉടൻ വിട്ടയക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, റിപബ്ലിക്ക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് 14 ട്രാക്ടറുകൾ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ ഉണ്ടായ അക്രമ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നതിനിടെ ആണ് ഡൽഹി പോലീസിന്റെ നടപടി.