കൊല്ലം: നഗരത്തിൽ ട്രാഫിക് സിഗ്നൽ ലൈറ്റിന് താഴെ ജീപ്പ് കൊണ്ടിട്ട് പോലീസ് നടത്തുന്ന വാഹന പരിശോധന അതിര് കടക്കുന്നു. കൊല്ലം നഗരത്തിൽ കോളജ് ജംഗ്ഷനും പോളയത്തോടിനും മധ്യേ തിരക്കേറിയ കപ്പലണ്ടിമുക്കിലാണ് ഡിജിപിയുടെ നിർദേശം പോലും കാറ്റിൽ പറത്തിയുള്ള ട്രാഫിക് പോലീസ് വാഹനങ്ങൾ പരിശോധിക്കുന്നത്.
ഇന്നലെ രാവിലെ ഈ ഭാഗത്ത് പോലീസ് നടത്തിയ പരിശോധന നിരവധി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. രാവിലെ 10.30ഓടെ എസ്ഐയും ഡ്രൈവറും സഹായിയും പോലീസുകാരനും ജീപ്പിൽ സ്ഥലത്തെത്തി.
ജീപ്പ് പാർക്ക് ചെയ്തത് മരത്തണലിൽ. വെയിലേറ്റാൽ വാടും എന്ന നിലയിൽ എസ്ഐ പെറ്റി പുസ്തകവുമായി പുറത്തിറങ്ങി തണൽ പറ്റി ബോണറ്റിൽ പെറ്റി പുസ്തകം സ്ഥാപിച്ചശേഷം ഇരകൾക്കായി കാത്തിരിപ്പ് തുടങ്ങി.
ഇരകളെ പിടികൂടാൻ ഡ്രൈവറേക്കാൾ ആവേശം പോലീസുകാരനായിരുന്നു. കറുത്ത മാസ്കും ധരിച്ചായിരുന്നു പോലീസുകാരന്റെ പണി. ഹെൽമെറ്റ് ഇല്ലാത്തവരെയും സീറ്റ് ബെൽറ്റ് ഇല്ലാത്തവരെയും എല്ലാവരെയും പിടികൂടി പോലീസുകാരൻ എസ്ഐയുടെ അടുത്തേക്ക് ആനയിച്ചു.
ട്രാഫിക് സിഗ്നലിൽ ചുവപ്പ് തെളിയുന്പോൾ നിർത്തുന്ന വാഹനങ്ങൾ പോലീസുകാരൻ നോക്കി വയ്ക്കും. സിഗ്നൽ പച്ചയാകുന്പോൽ ഇയാൾ വാഹനത്തിന് മുന്നിലെത്തി തടഞ്ഞുനിർത്തും. പിന്നെ വണ്ടി ഒതുക്കണം.
രേഖകളുമായി എസ്ഐയെ കാണാൻ പറയും ഇതാണ് രീതി. പുറകേ വാഹനങ്ങൾ നിരനിരയായി വരുന്നത് പോലും പോലീസുകാരന് പ്രശ്നമല്ല. ഇതിനിടെ വൃദ്ധദന്പതികളുമായി ഓട്ടോറിക്ഷയെത്തി. ചുവപ്പ് സിഗ്നൽ ആയിരുന്നത് കാരണം പോലീസുകാരൻ ഇറങ്ങി കൈകാണിച്ചു.
യൂണിഫോമിൽ ആയിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ വാഹനം സൈഡിൽ ഒതുക്കി. എങ്ങോട്ട് പോകുന്നെന്ന് പോലീസുകാരന്റെ ചോദ്യം വന്നത് ദന്പതികളോടായിരുന്നു. അവർ പോകേണ്ട സ്ഥലം പറഞ്ഞപ്പോൾ ഡ്രൈവറോട് ഇറങ്ങി എസ്ഐയെ കാണാൻ പോലീസുകാരൻ ആജ്ഞാപിച്ചു.
എസ്ഐയുടെ ചോദ്യവും വിരട്ടലും പെറ്റിയടിപ്പും കഴിഞ്ഞ് ഓട്ടോറിക്ഷ വിട്ടത് 20 മിനിറ്റ് കഴിഞ്ഞ്. ദന്പതികളുടെ മകന്റെ പ്രായംപോലും വരാത്ത പോലീസുകാരനാണ് മനുഷ്യത്വം ഇല്ലാത്ത ഈ രീതി കാണിച്ചത്.
സംഭവം കണ്ടുനിന്ന പലരും ദന്പതികളോട് വിവരം തിരക്കി. മറുപടി പറയാൻ പോലും വയ്യാതെ അവർ നിസഹായരായി ഓട്ടോറിക്ഷയിൽ അത്രയും നേരം ഇരുന്നു. സംസ്ഥാനത്ത് ഒരിടത്തും ട്രാഫിക് സിഗ്നൽ പോസ്റ്റിന് താഴെ ജീപ്പ് പാർക്ക് ചെയ്ത് പോലീസ് വാഹന പരിശോധന നടത്താറില്ല.
ഉന്നത ഉദ്യോഗസ്ഥർ ഇതിന് അനുമതി നൽകാറുമില്ല. പക്ഷേ കൊല്ലത്തെ ട്രാഫിക് ഉദ്യോഗസ്ഥൻ ഇതും ഇതിനും അപ്പുറവും ചെയ്യുമെന്ന് നഗരത്തിലെ വാഹനയാത്രികർ പറയുന്നു.
ട്രാഫിക് പോലീസ് പലപ്പോഴും കൊല്ലത്ത് വാഹന പരിശോധന നടത്തുന്നത് സിഗ്നൽ പോസ്റ്റുകൾക്ക് സമീപമാണെന്ന പരാതി വ്യാപകമാണ്. ഇത് പലപ്പോഴും അപകടങ്ങൾക്കും വഴി വയ്ക്കുന്നുണ്ട്. ചിന്നക്കട ട്രാഫിക് റൗണ്ടിന് സമീപവും സമാനമായ പരിശോധന സ്ഥിരം നടക്കുന്നുണ്ട്.
പെറ്റി എഴുതുന്ന പുസ്തകവുമായി സമീപത്തെ മരത്തണലിന് കീഴിൽ ജീപ്പുമായി എസ്ഐ നിൽക്കും. ഇതിനിടെ വാഹനങ്ങൾ വരികയാണെങ്കിൽ രണ്ട് സൈഡിൽ നിന്നുമാണ് പോലീസുകാർ വാഹനത്തിന് മുന്നിൽ ചാടി വീഴുന്നത്.
ഏതായാലും കഴിഞ്ഞ ദിവസത്തെ വാഹന പരിശോധന ചിലർ സിറ്റി പോലീസ് കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണ കാമറ പരിശോധിച്ചാൽ കമ്മീഷണർക്ക് ഇക്കാര്യം വ്യക്തമായി ബോധ്യപ്പെടും.